konnivartha.com : ശബരിമല നട മണ്ഡല-മകരവിളക്ക് ദർശനത്തിനായി തുറന്നതിൽ പിന്നെ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനത്തിനെത്തിയത് ജനുവരി എട്ട് ശനിയാഴ്ച. ശനിയാഴ്ച മാത്രം വെർച്ച്വൽ ബുക്കിങ് വഴിയെത്തിയത് 49846 തീർത്ഥാടകരാണ്. നിലയ്ക്കലിൽ മാത്രം 2634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പത്തീരായിരത്തിന് മുകളിൽ അയ്യപ്പൻമാർ ശബരിമലയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ക്രമമായി സ്വാമിമാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. വെർച്ച്വൽ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ശബരിമല ദർശനത്തിന് എത്തിയിരുന്നു.
ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തീയതി വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. കാര്യമായ കോവിഡ് ലോക്ഡൗൺ ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ അയ്യപ്പഭക്തർ എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച വലിയ നടപ്പന്തൽ മിക്കപ്പോഴും ഭക്തരെക്കൊണ്ട് നിറഞ്ഞ സാഹചര്യവുമുണ്ടായി. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴും സുരക്ഷിതവും സുഗമവുമായ തീർത്ഥാടന കാലം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നുവരുന്നത്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല ഭക്തി ലഹരിയിലാവുകയാണ്. പടി കയറാൻ നീണ്ട നിര പലപ്പോഴും രൂപപ്പെടുന്നുണ്ട്. കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരെത്തുന്നുണ്ട്. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും ഇപ്പോൾ ദർശന സൗകര്യം ഒരുക്കുന്നുണ്ട്്.
മകരവിളക്ക് കാലത്തെ സുരക്ഷ: പോലീസ് സേന ചുമതല ഏറ്റു
ബി.കൃഷ്ണകുമാർ പുതിയ സ്പെഷ്യൽ ഓഫീസർ
മകരവിളക്ക് കാലത്ത് സന്നിധാനത്തെ വിവിധ ഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കാനുള്ള പോലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ ചുമതല നിർവഹിച്ചുതുടങ്ങി. ശബരിമല സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസറായി ബി.കൃഷ്ണകുമാർ ചുമതലയേറ്റു. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയാണ് അദ്ദേഹം. മകരവിളക്ക് ദർശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും പരമാവധി സഹായങ്ങൾ ചെയ്യുന്നതിന് പോലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിലെ ചടങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മകരവിളക്കിനും തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുമ്പോഴും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. സുരക്ഷിതവും സമാധാനപരവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും സംയുക്തമായ പ്രവർത്തനം ഉണ്ടാകുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
സന്നിധാനത്ത് പുതുതായി ചാർജെടുത്ത ബാച്ചിൽ നാല് ഡിവൈ.എസ്.പി.മാർ, 10 സി.ഐമാർ, 37 എസ്.ഐ, എ.എസ്.ഐമാർ, 300 പോലീസുകാർ എന്നിവർ ഉൾപ്പെടുന്നു. ആകെ 352 പേരാണ് സന്നിധാനത്തെ ഡ്യൂട്ടിക്ക് മാത്രമായി ചുമതലയേറ്റത്. ആകെ നിലവിൽ എട്ട് ഡിവൈ.എസ്.പി.മാർ, 13 സി.ഐമാർ, 58 എസ്.ഐ, എ.എസ്.ഐമാർ,581 പോലീസുകാർ എന്നിവർ സന്നിധാനത്തെ ഡ്യൂട്ടിക്കായി ഉണ്ട്. പുതിയ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. ചടങ്ങിൽ എ.എസ്.ഓ എൻ.സുരേഷ്‌കുമാറും മറ്റ് ഉദ്യേഗസ്ഥരും പങ്കെടുത്തു.
ശബരിമലയിലെ നാളത്തെ (10.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.30 മുതൽ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00am അഷ്ടാഭിഷേകം
11.30 ന് കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് …..ദീപാരാധന
6.45 ന്… പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.