Trending Now

മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം

മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം

 തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം

കാനനപാതയില്‍ ഒരു മണിക്കൂര്‍ അധിക സമയം

KONNIVARTHA.COM : മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഓരോ വകുപ്പുകളും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നശേഷം ഒരു ലക്ഷത്തിമുപ്പതിനായിരം പേര്‍ ഇതുവരെ ശബരിമലയില്‍ എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഡിസംബര്‍ 31 നാണ്. ശരാശരി ഏകദേശം നാല്‍പതിനായിരം പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ എത്തുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം ദര്‍ശന കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിനായി ബാരിക്കേഡുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ദേവസ്വം മരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശനം അനുവദിക്കും. മറ്റ് കേന്ദ്രങ്ങളായ നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക.

ഇടുക്കി ജില്ലയിലെ പുല്ല്‌മേട്, പാഞ്ചാലിമേട്, പരുന്തുപാറ എന്നിവിടങ്ങളിലും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും എഡിഎം പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ വൈദ്യുതി സംവിധാനങ്ങളും കുടിവെളള ടാപ്പുകളും സ്ഥാപിക്കും. ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളും ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടുന്നതിനുളള തയാറെടുപ്പുകള്‍ നടത്തണം. ആവശ്യമായ ജീവനക്കാരയും ഇതിനായി നിയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സന്നിധാനത്ത് കൂടുതല്‍ വിരിസ്ഥലങ്ങള്‍ ഒരുക്കിയ സാഹചര്യത്തില്‍ തീര്‍ഥാടകരെ പകല്‍ സമയങ്ങളിലും വിരിവയ്ക്കാന്‍ അനുവദിക്കും. നേരത്തെ രാത്രി മാത്രമായിരുന്നു വിരിവയ്ക്കാന്‍ അനുമതിയുണ്ടായിരുന്നത്. പരമാവധി 12 മണിക്കൂര്‍ മാത്രമേ വിരിവയ്ക്കാന്‍ അനുവദിക്കുകയുളളു. പരമാവധി തീര്‍ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശിക്കാനുളള സാഹചര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പോലീസുമായും ആരോഗ്യ വകുപ്പുമായും ആലോചിച്ച് ആവശ്യമായ കമീകരണങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സന്നിധാനം പോലീസ് കണ്‍ട്രോളര്‍ ബി.അജിത്കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാനനപാതയില്‍ തീര്‍ഥാടന സമയം നീട്ടി

കരിമല വഴിയുളള കാനനപാതയില്‍ തീര്‍ഥാടകരെ കടത്തിവിടുന്ന സമയ ക്രമത്തിലും മാറ്റം വരുത്തിയതായി എഡിഎം അറിയിച്ചു. ഒരു മണിക്കൂര്‍ കൂടി അധിക സമയം അനുവദിക്കും. എരുമേലി കോയിക്കല്‍ക്കടവില്‍ നിന്നും രാവിലെ 5.30 മുതല്‍ 11.30 വരെ തീര്‍ഥാടകരെ പ്രവേശിപ്പിക്കും. അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളില്‍ നിന്നും രാവിലെ ഏഴു മുതല്‍ ഒരു മണി വരെയും തീര്‍ഥാടകരെ കടത്തിവിടും. മകരവിളക്ക് ഉത്സവം അടുക്കാറായതും തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്ന വര്‍ധനവും കണക്കിലെടുത്താണ് കാനനപാത വഴിയുളള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചത്. കാനനപാതയിലൂടെ ഇതുവരെ ഏകദേശം 6000 പേര്‍ പമ്പയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച 1532 പേരാണ് ഇതു വഴി എത്തിയത്.

.

 

 

ഗുരുസ്വാമിയായി കെ.പി. മോഹനന്‍ എംഎല്‍എ 52 ാം തവണയും അയ്യപ്പ സന്നിധിയില്‍

കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന്‍ ഗുരുസ്വാമിയായി വീണ്ടും അയ്യപ്പ സന്നിധിയിലെത്തി. ഇക്കുറി മാളികപ്പുറമായി ഭാര്യ വി. ഹേമജയും കൂടെയുണ്ട്. 52 ാം തവണയാണ് അദ്ദേഹം ഇരുമുടി കെട്ടുമായി ശബരിമലയില്‍ എത്തുന്നത്. ഞായറാഴ്ചയാണ് കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ നിന്നും കെട്ടുനിറച്ച് ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങിയ 35 അംഗ സംഘവുമായി എംഎല്‍എ ശബരിമലയ്ക്ക് പുറപ്പെട്ടത്. നാല് കന്നിസ്വാമിമാരും കൂടെയുണ്ട്. എരുമേലിയില്‍ പേട്ട തുള്ളിയ സംഘം തിങ്കളാഴ്ച രാവിലെ ദര്‍ശനം നടത്തി. തുടര്‍ന്ന് എംഎല്‍എ എല്ലാവരുടെയും നെയ്‌തേങ്ങ മുറിച്ച് നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങിയത്. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ കെ.പി. മോഹനന്‍ എംഎല്‍എ ശബരിമലയിലെത്തിയിട്ടുണ്ട്. കൃഷിമന്ത്രിയായിരുന്ന സമയത്തും ഔദ്യോഗിക തിരക്കുകള്‍ മാറ്റിവെച്ച് ഗുരുസ്വാമിയായി അയ്യന് മുന്നിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി. മോഹനന്‍ എംഎല്‍എയും സംഘവും വിണ്ടും ശബരിമലയിലെത്തിയത്.

മിഷന്‍ ഗ്രീന്‍ ശബരിമല: നിലയ്ക്കല്‍ പ്ലാസ്റ്റിക് ക്യാരിബാഗ്
എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു

മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ആരംഭിച്ച പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിലയ്ക്കല്‍ എസ്പി കെ.എല്‍. ജോണ്‍കുട്ടി നിര്‍വഹിച്ചു.

ശബരിമലയില്‍ ഹരിത ചട്ടം പാലിക്കുന്നതിനുള്ള മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ അയ്യപ്പഭക്തന്മാര്‍ക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്‍കി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡുകളും വിതരണം ചെയ്തു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടുത്ത സീസണിലെ ആചാര പരിപാടികളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടറിലേക്ക് ആവശ്യമായ തുണിസഞ്ചികള്‍, പോക്കറ്റ് കാര്‍ഡ് എന്നിവ നല്‍കുന്നതും കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.

ളാഹ മുതല്‍ പമ്പവരേയും കണമല മുതല്‍ പമ്പ വരേയുമുള്ള പാതയോരങ്ങളിലെ അജൈവ മാലിന്യങ്ങളും കൂടാതെ നിലയ്ക്കല്‍, ചെറിയാനവട്ടം എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്. വനം വകുപ്പിന്റെ ഇക്കോ ഗാര്‍ഡ്സാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് കൂട്ടിവയ്ക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വമിഷനു വേണ്ടി തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനമാണ് പുന:ചംക്രമണത്തിനായി കൊണ്ടുപോകുന്നത്.

പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് സുമീതന്‍ പിള്ള, ഡിവൈഎസ്പി നാസറുദ്ദീന്‍, ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരായ രഹന ഹബീബ്, ജെറിന്‍ ജെയിംസ് വര്‍ഗീസ്, ജി. ജെയിംസ്, പോലീസ് ഉദ്യോഗസ്ഥര്‍, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്സ് സിഇഒ എം. ക്രിസ്റ്റഫര്‍, അയ്യപ്പ ഭക്തന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

കലിയുഗവരദന്റെ അനുഗ്രഹം തേടി ഒറ്റക്കാലില്‍ സുരേഷ് താണ്ടിയത് 750 കിലോമീറ്റര്‍

കോവിഡ് മഹാമാരിയില്‍ നിന്നും ലോക ജനതയ്ക്ക് ആശ്വാസമേകാന്‍ കലിയുഗവരദന്റെ അനുഗ്രഹം തേടി 750 കിലോമീറ്റര്‍ ഒറ്റക്കാലില്‍ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീര്‍ഥാടകന്‍. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയിലെ അംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂര്‍ സ്വദേശിയാണ് ഇരുമുടികെട്ടുമേന്തി സ്ട്രച്ചസിന്റെ സഹായത്തോടെ 105 നാള്‍ നീണ്ട യാത്രക്കൊടുവില്‍ ശബരിമലയില്‍ എത്തിയത്.
ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ നിന്നും കഴിഞ്ഞ സെപ്റ്റംബര്‍ 20 നാണ് ഗുരുസ്വാമിയായ രാജു ദേശപാണ്ഡ്യന്റെ നിര്‍ദേശാനുസരണം ലോക നന്മയ്ക്കായി സുരേഷ് ശബരീശ സന്നിധിയിലേക്ക് പുറപ്പെട്ടത്. നെല്ലൂരിലെ ഒരു ജ്വല്ലറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുരേഷ് ഇത് രണ്ടാം തവണയാണ് ശബരിമലയിലെത്തുന്നത്. അയ്യപ്പന്റെ അനുഗ്രഹത്താല്‍ യാത്രയില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും സുഖദര്‍ശന സൗകര്യമൊരുക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ നാളത്തെ (05.01.2022) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00am അഷ്ടാഭിഷേകം
11.30 ന് കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് …..ദീപാരാധന
6.45 ന്… പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!