കോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

Spread the love

KONNIVARTHA.COM: കോന്നി താലൂക്ക് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി

കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സന്ദർശനം.മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം ജനങ്ങൾ നല്കിയ പരാതിയെ തുടർന്ന്

KONNIVARTHA.COM  :കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മുൻകൂട്ടി അറിയിക്കാതെ അടിയന്തിര സന്ദർശനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറെയും, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് മാനേജരെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെയും ഒപ്പം കൂട്ടിയാണ് എം.എൽ.എ സന്ദർശനം നടത്തിയത്.

ആശുപത്രി പ്രവർത്തനം സംബന്ധിച്ച് എം.എൽ.എയ്ക്ക് ലഭിച്ച പരാതികൾ പരിശോധിക്കാനാണ് അടിയന്തിര സന്ദർശനം നടത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കാര്യക്ഷമമായി ചികിത്സ കിട്ടുന്നതിനായി എം.എൽ.എ നിരവധി നിർദ്ദേശങ്ങൾ നൽകി. ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്ന് എം.എൽ.എ പറഞ്ഞു. ലബോറട്ടറി പ്രവർത്തനം 24 മണിക്കൂറുമാക്കണം. ഇതിനായി കൂടുതൽ ജീവനക്കാരെ എൻ.എച്ച്.എം ബുധനാഴ്ച തന്നെ നിയോഗിക്കണം.

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാൻ എം.എൽ.എ ജില്ലാ മെഡിക്കൽ ആഫീസർക്ക് നിർദ്ദേശം നല്കി. ജില്ലാ മെഡിക്കൽ ഓഫീസർ അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത് പുനക്രമീകരിക്കുമെന്ന് എം.എൽ.എയോടു പറഞ്ഞു.

എക്സറേ, ഇ.സി.ജി, ലബോറട്ടറി വിഭാഗങ്ങളിൽ കൂടുതൽ താല്ക്കാലിക ജീവനക്കാരെ നിയോഗിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.ഐ.സി.യു സംവിധാനം കാര്യക്ഷമമായി തയ്യാറാക്കാൻ എം.എൽ.എ നിർദ്ദേശിച്ചു.എം.എൽ.എ ഫണ്ടിൽ നിന്നും വാങ്ങിയ വെൻ്റിലേറ്ററിൽ ഒന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കോവിഡ് ക്രമീകരണങ്ങളുടെ ഭാഗമായി കൊണ്ടുപോയത് തിരികെ നല്കാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നല്കി.

ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണം. ഹാജർ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണം. മതിയായ കാരണം കാണിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരുണ്ടെങ്കിൽ കർശന നടപടി ഡിപ്പാർട്ട്മെൻ്റ് സ്വീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

താലൂക്ക് ആശുപത്രിയിൽ തുടർന്നും സന്ദർശനം നടത്തി കാര്യക്ഷമതാ പുരോഗതി വിലയിരുത്തുമെന്ന് എം.എൽ.എ പറഞ്ഞു. ലബോറട്ടറിയിൽ തൈറോയ്ഡ് പരിശോധന നടത്തുന്നതിനുള്ള ഉപകരണങ്ങൾ എം.എൽ.എ ഫണ്ടിൽ നിന്നും അടിയന്തിരമായി വാങ്ങി നല്കും.നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ മെഡിക്കൽ ആഫീസർ ഡോ: എൽ. അനിതാകുമാരി, ഡി.പി.എം ഡോ: ശ്രീകുമാർ ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:അജയ് ഏബ്രഹാം, എൻ.എച്ച്.എം കൺസൾട്ടൻ്റ് എഞ്ചിനീയർ അരുൺ ജേക്കബ് പ്രസാദ് തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

error: Content is protected !!