Trending Now

കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; പൊലീസ് ജീപ്പ് കത്തിച്ചു

 

എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ അക്രമികള്‍ കത്തിച്ചു.തൊഴിലാളി ക്യാമ്പിലെ സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

 

ചൂരക്കോട് കിറ്റെക്‌സില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടിയത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.മണിപ്പൂരില്‍ നിന്നും നാഗാലാന്റില്‍ നിന്നും ജോലിക്കെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. 1500ഓളം തൊഴിലാളികളാണ് സ്ഥലത്തുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

 

മദ്യപിച്ച് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അറിഞ്ഞാണ് 1500ഓളം തൊഴിലാളികളുള്ള ക്യാമ്പിലേക്ക് പൊലീസ് എത്തിയത്. തൊഴിലാളികളെല്ലാം വൈലന്റായിരുന്നത് കൊണ്ടുതന്നെ കൂടുതല്‍ പൊലീസിനെ എത്തിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊലീസിന് നേരെ സംഘര്‍ഷമുണ്ടാകുകയായിരുന്നു

പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. 156 പേർ കസ്റ്റഡിയിൽ