![](https://www.konnivartha.com/wp-content/uploads/2021/12/269837565_1885255684991655_1657540265880364889_n.jpg)
konnivartha.com : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (ഡിസം. 25ന്) സന്നിധാനത്തെത്തും. തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പമ്പ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐപിഎസ് അറിയിച്ചു.
രാവിലെ 11.30നാണ് തങ്കയങ്കി നിലയ്ക്കലില്‍ എത്തുക. നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെയും തിരിച്ചും വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏതാണ്ട് 12.30 ഓടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കുന്നത് വൈകീട്ട് മൂന്നിനാണ്. മൂന്ന് മുതല്‍ മൂന്നരവരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. തങ്കയങ്കി നീലിമലയിലെത്തുന്നതോടെ തീര്‍ഥാടകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കും. 26ന് രാത്രി പത്തിനാണ് ശബരിമല നടയടയ്ക്കുക. അന്ന് വൈകീട്ട് നാല് മുതല്‍ നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.
പുണ്യം പൂങ്കാവനം പദ്ധതിയുടെ സന്ദേശം തീര്‍ത്ഥാടകര്‍ ഏറ്റെടുത്തുവെന്ന് ഐ.ജി പി. വിജയന്‍
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും മാലിന്യം പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഐ.ജി പി വിജയന്‍ പറഞ്ഞു. സന്നിധാനം സ്പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണവും ബോധവത്കരണ പരിപാടികളും കൊണ്ട് പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കാന്‍ പരമാവധി സാധിച്ചിട്ടുണ്ടെന്ന് അവലോകനയോഗം വിലയിരുത്തി. അയ്യപ്പഭക്തരും സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പുണ്യം പൂങ്കാവനത്തിന്റെ സന്ദേശം പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം സന്നിധാനത്തും പമ്പയിലും എത്തുന്നത് പരമാവധി കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇല്ലാതായിട്ടില്ല. ഇരുമുടിക്കെട്ടിനുള്ളിലെ പ്ലാസ്റ്റിക് പൊതികള്‍ കുറയ്ക്കാന്‍ കെട്ടുനിറയ്ക്കുന്ന ക്ഷേത്രങ്ങളില്‍ നിന്ന് തന്നെ ബോധവത്കരണം നടത്തുന്നുണ്ട്. ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള കടകളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൂജാവസ്തുക്കള്‍ വില്‍ക്കുന്നത് നിരുത്സാഹപ്പെടുത്തിവരുന്നുണ്ട്.
പൂങ്കാവനം വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ തീര്‍ഥാടകന്റെയും ഉത്തരവാദിത്തമായി കാണാന്‍ കഴിയണം. പുണ്യം തേടിയുള്ള തീര്‍ഥാടനം പ്രകൃതിക്കും വന്യജീവികള്‍ക്കും ഭീഷണിയാവാന്‍ പാടില്ലെന്ന തിരിച്ചറിവ് തീര്‍ഥാടകരില്‍ വളര്‍ത്താന്‍ ബോധവത്കരണം കൊണ്ട് സാധിച്ചിട്ടുണ്ട്. പമ്പയില്‍ എണ്ണയും സോപ്പുമുപയോഗിച്ച് കുളിക്കുന്നതിനും തുണി പമ്പയാറില്‍ നിക്ഷേപിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. സന്നിധാനത്തെത്തുന്ന അയ്യപ്പന്‍മാര്‍ ഒരു മണിക്കൂര്‍ ശുചീകരണത്തില്‍ പങ്കാളികളാകുക എന്ന സന്ദേശത്തിന് പരക്കെ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
എക്സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍, ആര്‍.എ.എഫ് ഡപ്യൂട്ടി കമാന്‍ഡര്‍ ജി. വിജയന്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.