KONNIVARTHA.COM : റബ്ബര്‍മരങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഇലരോഗങ്ങളെ ചെറുക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ റബ്ബര്‍ബോര്‍ഡ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി റബ്ബര്‍ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ തോട്ടമുടമകളും എസ്റ്റേറ്റ് മാനേജര്‍മാരുമായി ആശയവിനിമയം നടത്തി.
റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ (റിസര്‍ച്ച്) ഇന്‍-ചാര്‍ജ് ഡോ. എം.ഡി. ജെസ്സി ശാസ്ത്രജ്ഞരായ ഡോ. ഷാജി ഫിലിപ്പ്, ഡോ. തോംസണ്‍ എബ്രഹാം എന്നിവര്‍ ക്രൗണ്‍ ബഡ്ഡിങ്ങിനെക്കുറിച്ചും ഇപ്പോള്‍ അതിന് കൈവന്നിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവും തുടര്‍ച്ചയായ മഴയും മൂലം റബ്ബറില്‍ ഇലരോഗങ്ങള്‍ കൂടുതലാണ്. രോഗപ്രതിരോധശേഷി കൂടിയ എഫ് എക്‌സ്-516 (FX-516)എന്ന ഇനം റബ്ബര്‍ തൈകളില്‍ ക്രൗണ്‍ ബഡ്ഡ് ചെയ്യാന്‍ യോജിച്ചതാണെന്ന് റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വന്‍കിടതോട്ടങ്ങളില്‍ പരിമിതമായ തോതില്‍ ക്രൗണ്‍ ബഡ്ഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍. അഡലരശന്‍ ഐഎഫ്എസ്സി-ന്, എഫ് എക്‌സ്-516 എന്ന ഇനത്തിന്റെ ബഡ്ഡു കമ്പുകള്‍ ഡോ. എം.ഡി. ജെസ്സി കൈമാറി.
റബ്ബര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുള്ള ഉയര്‍ന്ന ഉത്പാദനശേഷിയുള്ള റബ്ബറിനത്തിന്റെ തൈത്തണ്ടില്‍ രണ്ടര-മൂന്നു മീറ്റര്‍ ഉയരത്തിലാണ്, ഇലരോഗങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള ഈ ഇനം ക്രൗണ്‍ ബഡ്ഡു ചെയ്തുപിടിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ടാപ്പു ചെയ്യാനുദ്ദേശിക്കുന്ന തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റേയും ശാഖകളും ഇലകളും രോഗപ്രതിരോധശേഷിയുള്ള മറ്റൊരു ഇനത്തിന്റേയും ആയ ഒരു മരമായി മാറുന്നു. രോഗബാധ ഇല്ലാതെ ആരോഗ്യത്തോടെ ഇലകള്‍ നിലനില്‍ക്കുന്നതും മെച്ചപ്പെട്ട ഉത്പാദനം തരുന്നതുമായ നിത്യഹരിത റബ്ബര്‍ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്ത് രോഗനിയന്ത്രണത്തിനുള്ള ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിമിതമായ തോതില്‍ ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ബോര്‍ഡ് ശ്രമം ആരംഭിച്ചിട്ടുള്ളത്.