Trending Now

കോന്നി പൂങ്കാവ് ഭക്ഷ്യ പൊതുവിതരണ ഗോഡൗണില്‍ മന്ത്രി പരിശോധന നടത്തി

 

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ ഗോഡൗണില്‍ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പരിശോധന നടത്തി. ഗോഡൗണുകളിലെ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതും അവയുടെ കേടുപാടുകള്‍ സംബന്ധിച്ചും വിവിധ പരാതികള്‍ ലഭിച്ചതിന്റെ ഭാഗമായി വസ്തുത മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുലശേഖരപതി പി.ഡി.എസ് ഡിപ്പോ ഗോഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡൗണുകളിലെ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതും അവയുടെ കേടുപാടുകള്‍ സംബന്ധിച്ചും വിവിധ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ വസ്തുത മനസിലാക്കുക എന്നതായിരുന്നു ഉദ്ദേശം. സന്ദര്‍ശനത്തില്‍ പരാതികളില്‍ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടു.

പല പാക്കിംഗ് ചാക്കുകളും പൊട്ടിയ നിലയിലാണുള്ളത്. വിവിധ ഗോഡൗണുകളില്‍ നിന്നും സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴേ ഈ അവസ്ഥയിലാണുള്ളതെന്ന് മനസിലാക്കി. ഇത് പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഉപയോഗമില്ലാതെ കിടക്കുന്ന ഉത്പന്നങ്ങള്‍ കൃത്യമായി പാക്ക് ചെയ്തു ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റി വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശേഷം കോന്നി പൂങ്കാവ് ശാസ്താ കണ്ടെയ്‌നേഴ്‌സ് ആന്‍ഡ് പാക്കേജിംഗ് ലിമിറ്റഡിന്റെ ഫാക്ടറിയും സന്ദര്‍ശിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ.ഡി.സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍, ടിഎസ്ഒ അയ്യൂബ് ഖാന്‍, സപ്ലൈകോ എഎം രാജീവ്, ജനറല്‍ മാനേജര്‍ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.