![](https://www.konnivartha.com/wp-content/uploads/2021/11/thirthadaka-sangam-880x528.jpg)
സ്വാമി അയ്യപ്പനെ ദര്‍ശിക്കുന്നതിന് കായംകുളത്തു നിന്ന് 31 വര്‍ഷമായി കാല്‍നടയായി ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ഥാടക സംഘം ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ഇത്തവണ 100 ഓളം പേരാണ് സംഘത്തിലുള്ളത്. കോവിഡ് കാലത്തിന് മുമ്പ് വരുമ്പോള്‍ 200 തീര്‍ഥാടകരായിരുന്നു ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.
കായംകുളം തീര്‍ഥംപൊഴിച്ചാലുംമൂട് അമ്മന്‍കോവിലില്‍ നിന്ന് മാലയിട്ട് 41 ദിവസത്തെ വ്രതവും മറ്റ് അനുഷ്ഠാനങ്ങളും നടത്തിയാണ് എല്ലാ വര്‍ഷവും തീര്‍ഥാടക സംഘം കാനനവാസനെ കാണാനെത്തുന്നത്.
സംസ്‌കൃതത്തിലുള്ള ദേവീഭാഗവതം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള ബാബു കോയിപുറത്താണ് ഗുരുസ്വാമി. എട്ട് മുതല്‍ 78 വയസുള്ളവര്‍ വരെ തീര്‍ഥാടക സംഘത്തിലുണ്ട്. മൂന്ന് നേരം ഭക്ഷണം പാകം ചെയ്ത് ശബരീശ മന്ത്രങ്ങള്‍ ഉരുവിട്ടാണ് സംഘം എത്തുന്നത്. 41 ദിവസം വ്രതമെടുക്കുന്ന സമയം ഭജന ഉള്‍പ്പെടെ നാട്ടില്‍ നടത്തുമെന്നും തീര്‍ഥാടകര്‍ പറഞ്ഞു.