Trending Now

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ , അറിയിപ്പുകള്‍ (24/11/2021 )

 

ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്

konnivartha.com : മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്‌ഐ/എഎസ്‌ഐമാര്‍, 15 സിഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ട്.സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്യൂണിക്കേഷനില്‍ 20 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പോലീസ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

ടാക്ടര്‍ വളയം പിടിക്കാന്‍ പോലീസ് കൈകളും

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഇനി പോലീസും ട്രാക്ടര്‍ ഓടിക്കും. പോലീസിന്റെ സാധനങ്ങളും ഉപകരണങ്ങളും പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിക്കുന്നതിനാണ് പോലീസ് സേന അവരുടെ സ്വന്തം ട്രാക്ടര്‍ ഉപയോഗിക്കുക. സന്നിധാനത്തെ പോലീസ് മെസിലേക്കുള്ള സാധനങ്ങള്‍, പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍എഫ് എന്നിവരുടെ ഉപകരണങ്ങള്‍, സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുകയാണ് ലക്ഷ്യം. മുന്‍ വര്‍ഷങ്ങളില്‍ പോലീസിന്റെ ട്രാക്ടറില്‍ കരാര്‍ ഡ്രൈവര്‍മാരാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇനി പരിശീലനം ലഭിച്ച പോലീസുകാരാണ് ട്രാക്ടര്‍ ഓടിക്കുക. പമ്പ സ്റ്റേഷന്‍, പത്തനംതിട്ട എആര്‍ ക്യാമ്പ്, പോലീസ് അക്കാഡമി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാക്ടറുകളാണ് സര്‍വീസ് നടത്തുക. അതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 42 പേരാണ് പരിശീലനം നേടിയത്. ആദ്യഘട്ടത്തില്‍ ഏഴു ഡ്രൈവര്‍മാരാണ് എത്തിയിട്ടുള്ളത്.

അയ്യപ്പ സ്വാമിയുടെ തിരുസന്നിധിയിലേക്കുള്ള തീര്‍ഥാടന പാതകള്‍
ശുചിയാക്കാന്‍ ഇന്നു മുതല്‍ 501 വിശുദ്ധി സേനാംഗങ്ങള്‍

അയ്യപ്പ സ്വാമിയുടെ പരിപാവനമായ പൂങ്കാവനം ശുചിയാക്കുന്നതിനായി കൂടുതല്‍ വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചു. 288 പേരെയാണ് പുതുതായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചത്. നിലയ്ക്കലില്‍ 125 പേരേയും, പമ്പയില്‍ 88 പേരേയും, സന്നിധാനത്ത് 75 പേരേയുമാണ് പുതുതായി നിയോഗിച്ചത്. ആകെ 501 വിശുദ്ധി സേനാംഗങ്ങളാണ് പമ്പ, നിലയ്ക്കല്‍, സന്നിധാനം, പന്തളം, കുളനട എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. പുതുതായി എത്തിയ വിശുദ്ധി സേനാംഗങ്ങളെ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
213 വിശുദ്ധി സേനാംഗങ്ങളെയാണ് ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ വിന്യസിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനത്ത് 100 വിശുദ്ധിസേനാംഗങ്ങളും പമ്പയിലും നിലയ്ക്കലിലുമായി 50 പേര്‍ വീതവും കുളനടയിലും പന്തളത്തുമായി 13 പേരെയുമാണ് നിയോഗിച്ചത്. വിശുദ്ധിസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവയ്ക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പാക്കുന്നു. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്‌സണായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി 1995ല്‍ ആണ് രൂപീകരിച്ചത്.

സന്നിധാനം ശുചീകരിക്കാന്‍ 175 പേര്‍

ശബരിമല സന്നിധാനത്തെ മാലിന്യങ്ങള്‍ നീക്കി ശുചീകരിക്കുന്നതിന് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 175 വിശുദ്ധി സേനാംഗങ്ങളാണ് നിത്യേന പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ട്രാക്ടറുകളില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഇന്‍സിനറേറ്ററില്‍ എത്തിക്കുകയും നിലം തുടച്ചു വൃത്തിയാക്കുകയും അണുനാശിനി തളിക്കുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ നീക്കം ചെയ്തു ശുചീകരിക്കാന്‍ വിശുദ്ധി സേനാംഗങ്ങള്‍ സദാസമയവും ഉണ്ടാകും.

ശബരിമലയിലെ നാളത്തെ (25.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. മനോജ് ചരളേല്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ സമീപം.

 

error: Content is protected !!