കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും ( ഒക്ടോബര്‍ ഒന്‍പത്) നാളെയും (ഒക്ടോബര്‍ 10 ) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം ഉണ്ടാകുവാനാണ് സാധ്യത.
കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2021 ഒക്ടോബര്‍ 01 മുതല്‍ 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 977.95 മീറ്റര്‍ ആണ്.
ഈ കാലയളവില്‍ കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 975.95 മീറ്റര്‍, 976.95 മീറ്റര്‍, 977.45 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഒക്ടോബര്‍ ഒന്‍പത് രാവിലെ ഏഴിന് റിസര്‍വോയറിന്റെ ജലനിരപ്പ് 977.04 മീറ്ററില്‍ എത്തി ചേര്‍ന്നതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
എന്നാല്‍, 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്ററും, നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴുമാണ് എന്നതിനാല്‍ ഈ സാഹചര്യത്തിന് മാറ്റം വരും എന്നും പ്രതീക്ഷിക്കുന്നു.
എന്നാല്‍, റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥാ പ്രവചനം പ്രകാരം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നതിനാലും, നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
ഏതെങ്കിലും സാഹചര്യത്തില്‍ കനത്ത മഴ മൂലം റിസര്‍വോയറിലെ ജലനിരപ്പ് 977.45 മീറ്റര്‍ എത്തി ചേര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ഒക്ടോബര്‍ 10ന് രാവിലെ എട്ടിന് ശേഷം ജലം തുറന്നുവിടുന്നതുമായിരിക്കും.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും ജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
ഓറഞ്ച്, മഞ്ഞ അലെർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്കുള്ള പ്രത്യേക നിർദ്ദേശം
കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
11-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,(Orange) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
09-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്
10-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്
11-10-2021: തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്
12-10-2021: തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്
13-10-2021: തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.
ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും KSEB, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.
നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.
കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2021 ൽ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതാണ്.
താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലേർട്ട് ആക്കി നിർത്തേണ്ടതാണ്.
മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
പുറപ്പെടുവിച്ച സമയം : 01 PM, 09/10/2021
കേരള സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (കെ.എസ്.സി.ഓ.സി) | Kerala State Emergency Operations Centre (KSEOC)
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) | Kerala State Disaster Management Authority (KSDMA)
ഒബ്സര്‍വേറ്ററി കുന്ന്, വികാസ് ഭവന് തപാല്‍ ഓഫീസ് | Observatory Hills, Vikas Bhavan P.O
തിരുവനന്തപുരം, കേരളം – 695033 | Thiruvananthapuram, Kerala – 695033
പകല്‍ സമയ ടെലിഫോണ്‍ | Day time phone – 0471 2331345, 0471-2331645, Toll Free 1079
രാത്രി സമയ ടെലിഫോണ്‍ | Night time phone – 0471 2364424
ഫാക്സ് | Fax – 0471 2364424