Trending Now

ഡോ. സുശീലന്‍: ആതുരസേവനത്തിനൊപ്പം സംഗീതത്തെയും നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ

കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുര സേവനം ജീവിത വ്രതമാക്കിയ ആതുര സേവകനാണ് ഡോ : സുശീലന്‍ എങ്കില്‍ ആ മനസ്സില്‍ നിറയുന്നത് സംഗീതത്തിന്‍റെ പ്രവാഹമാണ് . ആതുര സേവനവും സംഗീതവും ഈ ഡോക്ടറെ വ്യത്യസ്ഥനാക്കുന്നു . പഠന കാലത്ത് കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്നു . സമ്മാനങ്ങള്‍ വാരി കൂട്ടി . ഓരോ വ്യക്തികള്‍ക്കും നേര്‍ വഴി കാണിച്ചു കൊടുക്കാന്‍ ഒരാള്‍ എപ്പോഴെങ്കിലും എത്തുമെന്ന ശുഭ പ്രതീക്ഷ ഉണ്ട് . സുശീലന്‍ എന്ന വ്യക്തിയിലും ആഴത്തില്‍ ചിന്തകളെ ഉണര്‍ത്തിയഒരാളാണ് മഹത് മാതാ അമൃതാനന്ദമയി. ആ അമ്മയില്‍ നിന്നും ഒരു ഉപദേശം ലഭിച്ചു, ‘പാവങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കണം, അതിനുവേണ്ടി നന്നായി പഠിക്കണം…’ ഈ വാക്കുകള്‍ സുശീലനില്‍ മാറ്റങ്ങള്‍ വരുത്തി .

കലാപരമായ കഴിവുകള്‍ക്ക് ഒപ്പം പഠനത്തിന്റെയും ആഴം കൂട്ടിയപ്പോള്‍ ഇന്ന് അറിയപ്പെടുന്നൊരു ആതുര സേവകനാവാന്‍ ഡോ. സുശീലന് കഴിഞ്ഞു.അതിനു കാരണം അന്ന് ആ അമ്മയില്‍ നിന്നും ലഭിച്ച വാക്കുകള്‍ ആയിരുന്നു . ആഗ്രഹിച്ചതുപോലെ അറിയപ്പെടുന്നൊരു ഗായകനായില്ലെങ്കിലും ശരീരത്തിലെ നിര്‍ജ്ജീവമായ ഞരമ്പുകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന വിദഗ്ദ്ധ സര്‍ജനാണ് ഇന്ന് ഡോ. സുശീലന്‍ . കേരളത്തിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ശൃംഖലയുടെ മാനേജിംഗ് ‌ഡയറക്ടര്‍ ആണ് .

 

ഐ.സി യൂണിറ്റുകളില്‍ ഡോ. സുശീലന്റെ സാന്നിദ്ധ്യം രോഗികള്‍ക്ക് ഏറെ ആസ്വാദ്യകരമാണ്. വേണമെങ്കില്‍ അവര്‍ക്കായി പാട്ടു പാടിക്കൊടുക്കാനും ഈ ഡോക്ടര്‍ റെഡി. സ്വരസ്ഥാനങ്ങള്‍ മനസില്‍ സൂക്ഷ്മമായി നിറച്ച അദ്ദേഹത്തിന്റെ മനസ് എപ്പോഴും ഏകാഗ്രമാണ്. അതുകൊണ്ടുതന്നെ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ശസ്ത്രക്രിയകള്‍ പോലും ഒരു ലളിതഗാനത്തിന്റെ ആലാപനം പോലെ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. വെരിക്കോസ് വെയിന്‍, പൈല്‍സ് എന്നിവ സുഖപ്പെടുത്താനായി 20000 ത്തോളം ഓപ്പറേഷനുകള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

അവിചാരിതമായാണ് 15 വര്‍ഷം മുന്‍പ് ചക്കുവള്ളിയില്‍ ആദ്യ ഹോസ്പിറ്റല്‍ ആരംഭിച്ചത്. നിലവില്‍ ഇതിനൊപ്പം ചാരുംമൂട്, ആനയടി, കടമ്പനാട് , മൈനാഗപ്പള്ളി, പൂങ്കാവ്, കോന്നി, കുളത്തൂര്‍ എന്നിവിടങ്ങളിലായി ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ വലിയൊരു ശൃംഖലയായി വളര്‍ന്നിരിക്കുന്നു. ചക്കുവള്ളിയിലും പൂങ്കാവിലും മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കല്ലുവാതുക്കല്‍ ചിറക്കര ഗവ. ഹൈസ്കൂളില്‍ ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സ്കൂള്‍ യുവജനോത്സവത്തില്‍ മത്സരിക്കുന്നത്. ജില്ലാതല മത്സരത്തില്‍ പ്രസംഗത്തിലും കവിതാപാരായണത്തിലും ഒന്നാം സ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. സംഗീതത്തിലുള്ള അഭിരുചി മനസിലാക്കിയ മാതാപിതാക്കള്‍ സംഗീതം ശാസ്ത്രീയമായി പഠിക്കാനയച്ചു. സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ഗുരുവായിരുന്ന കൊല്ലം പരവൂര്‍ രാമകൃഷ്ണക്കുറുപ്പിന്റെയും തുടര്‍ന്ന് വാസുദേവന്‍ പിള്ളയുടെയും ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീത പഠനം നടത്തി . ഗാനഭൂഷണം, ഗാനപ്രവീണ്‍ കോഴ്സുകള്‍ പാസായി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുമാരനാശാന്‍റെ ചണ്ഡാലഭിഷുകി ചൊല്ലി കവിതാപാരായണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. പത്താം ക്ലാസില്‍ ശാസ്ത്രീയ സംഗീതത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനക്കാരനായി.

 

ഹൈസ്കൂള്‍ കാലം മുതല്‍ വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിലെ സന്ദര്‍ശകനും ഗായകസംഘത്തിലെ അംഗവുമായിരുന്നു. പത്താം ക്ലാസ് പാസായ സര്‍ട്ടിഫിക്കറ്റുമായി അമ്മയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉപദേശം പ്രീ ഡിഗ്രിക്ക് സെക്കന്‍ഡ് ഗ്രൂപ്പ് എടുക്കണമെന്നായിരുന്നു. പ്രീ ഡിഗ്രി പാസായപ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാന്‍ ഉപദേശിച്ചതും അമൃതാനന്ദമയി ദേവിയാണ്.

തുടര്‍ന്ന് അമ്മയുടെ നിര്‍ദ്ദേശാനുസരണം എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നു. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സില്‍ 71-ാം റാങ്കോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്നു. 1992-95 കാലയളവില്‍ തിരുവനന്തപുരം കോസ്മോ പൊളിറ്റന്‍ ഹോസ്പിറ്റലില്‍ നിന്ന് ജനറല്‍ സര്‍ജറിയില്‍ മൂന്ന് വര്‍ഷത്തെ ഡി.എന്‍.ബി ബിരുദം നേടി. 2004ല്‍ തിരുവനന്തപുരം എസ്.എ.ടി ഹോസ്പിറ്റലില്‍ നിന്ന് മറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തില്‍ ഡി.എം.സി.എച്ച്‌ നേടി. 2006ല്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ എം.ബി.എയും ചെന്നൈ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്‌ഡിയും നേടി.

സൈക്കോളജിയില്‍ എം.എസ്‌സി ബിരുദമുള്ള ഭാര്യ ഡോ. ഇന്ദുലേഖയാണ് ലൈഫ്കെയറിന്റെ തിരുവനന്തപുരം കുളത്തൂര്‍ ബ്രാഞ്ചിന്റെ മേല്‍നോട്ടം വഹിക്കുന്നത്. മക്കളായ ആഞ്ജന എട്ടിലും ആഞ്ജിത ഏഴിലും തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ പഠിക്കുന്നു.

ആതുര രംഗത്തെ ഈ ബഹുമുഖ പ്രതിഭയുടെ മനസ്സില്‍ നിറയുന്ന സംഗീതം നാളെകളില്‍ ലോകം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . കാരണം സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ ഡോക്ടര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .