Trending Now

കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രതികള്‍ ഉടമകള്‍ മാത്രമാകരുത്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തുമായി 281 ശാഖയും ഉപ ശാഖകളുമായി വലിയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ആയിരകണക്കിന് നിക്ഷേപകരുടെ വിശ്വസ്തത ആര്‍ജിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും കോടികണക്കിന് രൂപ നിക്ഷേപക തുകയായി തന്നെ സ്വീകരിക്കുകയും 2000 കോടിയിലേറെ തുക 21 കറക്ക് കമ്പനിയിലൂടെ വക മാറ്റി കടത്തുകയും ചെയ്ത ശേഷം നിക്ഷേപകരുടെ പരാതിയില്‍ നിലവില്‍ നിയമത്തിന് കീഴടങ്ങിയ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേലും ഭാര്യയും മൂന്നു പെണ്‍ മക്കളും അടങ്ങിയ കുടുംബം മാത്രം അഴികള്‍ക്കുള്ളിലായത് കൊണ്ട് തട്ടിപ്പിനിരയായവര്‍ക്ക് പണം മുഴുവന്‍ തിരികെ കിട്ടണമെന്നില്ല.

 

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ കാലാകാലങ്ങളിലായി വിവിധ തരത്തില്‍ ഉള്ള ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിത സമ്പാദ്യം തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയപ്പോള്‍ ഇതിനെല്ലാം തുടക്കം മുതല്‍ കൂട്ട് നിന്ന പോപ്പുലറിന്റെ ഉന്നത തലത്തിലുണ്ടായിരുന്ന ജീവനക്കാരും തട്ടിപ്പ് നടത്താന്‍ വേണ്ട സംവിധാനം ഒരുക്കികൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും കമ്പനി സെക്രട്ടറിമാരും റീജണല്‍ ,സോണല്‍ , ബ്രാഞ്ച് മാനേജര്‍മാരും ഇപ്പോള്‍ പകല്‍ മാന്യന്‍മാരായി വിലസി നടക്കുന്നു . ഇവരെയും കേസില്‍ പ്രതിയാക്കപ്പെടുകയും അവരുടെ ആസ്തികള്‍ കൂടി കണ്ടുകെട്ടുകയും വേണമെന്ന് നിക്ഷേപകര്‍ പറയുന്നു.ചില ബാങ്ക് മാനേജര്‍മാരെ ഇഡി ചോദ്യം ചെയ്തിരുന്നു എന്നു പറയപ്പെടുന്നു .

12 മുതല്‍ 15 ശതമാനം വരെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും നിക്ഷേപം വാങ്ങിയത്.ചില ബ്രാഞ്ച് മാനേജര്‍മാര്‍ നിരന്തരം വീടുകളില്‍ എത്തി ആണ് ആകര്‍ഷകമായ പലിശയേകുറിച്ച് ക്ലാസുകള്‍ എടുത്തത് . ജീവിതത്തിലെ മിച്ച സമ്പാദ്യം പൂര്‍ണ്ണമായും നിക്ഷേപ്പിച്ചവര്‍ മറ്റ് വരുമാന മാര്‍ഗംഅടഞ്ഞതോടെ ഇപ്പോള്‍ കഷ്ടതയില്‍ ആണ് എന്നു പറഞ്ഞു . ഏറെ പ്രായം ചെന്നവര്‍ ആണ് ഇപ്പോള്‍ ജീവിത സായാഹ്നത്തില്‍ മരുന്ന് പോലും വാങ്ങാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് . ഇങ്ങനെ എത്ര നാളുകള്‍ തള്ളി നീക്കും എന്നു അവര്‍ പറയുന്നു . ഈ ആശങ്കയ്ക്ക് പരിഹാരം കാണുവാന്‍ ആര്‍ക്ക് കഴിയും ..?

പ്രമുഖ ബാങ്കുകളുടെ ബ്രാഞ്ച് മാനേജരായൊക്കെ വിരമിച്ചവരും വിദേശത്ത് പ്രൊഫഷണലായി സേവനമനുഷ്ഠിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയവരുമൊക്കെയായിരുന്നു പോപ്പുലറിന്റെ റീജണല്‍, സോണല്‍ മേധാവികള്‍. ഇവര്‍ക്ക് നിക്ഷേപം ക്യാന്‍വാസ് ചെയ്താല്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയായിരുന്നു കമ്മീഷന്‍. തെറ്റിന് കൂട്ടുനിന്ന അവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം . പത്തനംതിട്ട ,അടൂര്‍ തുടങ്ങിയ സ്ഥലത്തെ ചില ബ്രാഞ്ച് മാനേജര്‍മാരുടെ വീടുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ നിക്ഷേപക കൂട്ടായ്മ ആലോചിക്കുന്നു .

ഉന്നത ജീവനക്കാരുടെ പങ്ക് കൂടി അന്വേഷണ വിധേയമാക്കുകയും മോഹന  സുന്ദര വാഗ്ദാനം നല്‍കി പൊതു ജനത്തെ വളരെ വിദക്തമായി വഞ്ചിച്ച ജീവനക്കാരുടെ ആസ്തി കണ്ടു കെട്ടുവാന്‍ ഉള്ള നിയമ നടപടികള്‍ ചിലര്‍ ആലോചിക്കുന്നു .

അഞ്ചു പ്രതികളെ മാത്രം അറസ്റ്റ് ചെയ്തു . ഇ ഡി മാറി മാറി ചോദ്യം ചെയ്തിട്ടും കോടികളുടെ പണം എവിടേയ്ക്ക് ആണ് മാറ്റിയത് എന്നു മാത്രം ഉടമയും ഒരു മകളും പറഞ്ഞിട്ടില്ല എന്നാണ് ഇ ഡി കോടതിയില്‍ നല്‍കിയ മറുപടി . ഒളിച്ചു വെയ്ക്കുവാന്‍ ഉള്ള “ഈ “കോടികള്‍ ആരുടെയോ ഖജനാവില്‍ ഇപ്പൊഴും ഭദ്രമായി ഉണ്ട് . ആ പണം കണ്ടെത്തണം . കുറെ സ്വത്തുക്കള്‍ ഇ ഡി കണ്ടു കെട്ടി .

പോലീസ്സിന്‍റെ ആദ്യ പട്ടികയില്‍ ഉള്ള ആറാം പ്രതി ,പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിന്റെ മാതാവും ഡയറക്റ്ററുമായ എം. ജെ മേരിക്കുട്ടി എവിടെയാണ് എന്നു കണ്ടെത്താന്‍ പോലീസിനോ ഇ ഡിയ്ക്കോ കഴിഞ്ഞിട്ടില്ല .എം. ജെ മേരിക്കുട്ടി ആസ്ട്രേലിയ ഉള്ള ബന്ധു വീട്ടില്‍ ഉണ്ടെന്നുള്ള ഊഹാപോഹം മാത്രം ആണ് ഇന്നും ഉള്ളത് . ഇവരെ അവിടെ വെച്ചു ആരും കണ്ടിട്ടില്ല . അപ്പോള്‍ മേരികുട്ടി ഡാനിയല്‍ എവിടെ …? ഈ വ്യക്തിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല എങ്കില്‍ ഒരു ഇന്‍ഡ്യന്‍ പൌരനെ അതും പ്രധാന കേസിലെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ മാന്‍ മിസ്സിംഗ് കേസ് എടുത്തു അന്വേഷണം നടത്തുവാന്‍ പോലീസ് തയാറാകണം .