Trending Now

ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 2021 സെപ്റ്റംബര്‍ 25 മുതല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കയാണ്. ജല നിരപ്പ് 190 മീറ്റര്‍ എത്തിയപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 101.49 കുമെക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 100 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം.

ഇപ്രകാരം തുറന്നു വിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ടു മണിക്കൂറിനു ശേഷം എത്തും. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.