Trending Now

കയാക്കിംങ് ട്രയൽ റൺ നടന്നു: കോന്നി മണ്ഡലത്തില്‍ അഡ്വഞ്ചർ ടൂറിസത്തിന് അനന്ത സാധ്യതകള്‍

 

konnivartha.com മലയോര നാടിന്‍റെ  ടൂറിസം പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് സീതത്തോട് കക്കാട്ടാറിൽ കയാക്കിംങ് ട്രയൽ റൺ നടന്നു. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന കായിക വിനോദത്തിനാണ് തുടക്കമായത്.

കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംങ് ആരംഭിക്കുന്നത്. ടൂറിസത്തിൻ്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഒളിമ്പിക്സിലെ ഒരു പ്രധാന കായിക ഇനമാണ് കയാക്കിംങ്.

ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിൽ ആണ് ട്രയൽ റണ്ണിൻ്റെ ഫ്ലാഗ് ഓഫ് നടന്നത്.ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് പവർഹൗസ് ജംഗ്ഷനിൽ വരെയാണ് കയാക്കിംഗ് നടത്തുന്നത്. പ്രശസ്ത കയാക്കിംങ് വിദഗ്ദ്ധൻ നോമി പോളിൻ്റെ നേതൃത്വത്തിൽ നിഥിൻ ദാസ് ,വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബു പോൾ എന്നിവരുൾപ്പെട്ട 5 അംഗ സംഘമാണ് ട്രയൽ റണ്ണിനെത്തിയത്.

ഒരാൾക്ക് വീതം സാഹസിക യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. രണ്ടു മുതൽ 8 വരെ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളും സീതത്തോട്ടിൽ ഉപയോഗിക്കാൻ കഴിയുമെന്ന് കയാക്കിംങ് സംഘം അഭിപ്രായപ്പെട്ടു.
കയാക്കിംങിനൊപ്പം റാഫ്റ്റിംഗ്,കനോയിങ് തുടങ്ങിയവയും സീതത്തോട് കേന്ദ്രത്തിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലാണ് കയാക്കിങ് സെൻ്റർ നിലവിൽ പ്രവർത്തിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂരയാത്രകൾക്കും, സാഹസിക യാത്രകൾക്കും ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് മികച്ച സൗകര്യമാണ് സീതത്തോട്ടിലെ കക്കാട്ടാറിൽ ഉള്ളത്.കുളു, മണാലി കേന്ദ്രങ്ങളേക്കാൾ മികച്ച നിലയിൽ സീതത്തോടിന് മാറാൻ കഴിയും.
സഞ്ചാരികൾക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകൾ നടത്താനും സൗകര്യമൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി സീതത്തോടിനെ മാറ്റാനാണ് പദ്ധതി തയ്യാറാകുന്നത്.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യ.എസ്.അയ്യർ എന്നിവർ ചേർന്ന് ട്രയൽ റൺ ഫ്ലാഗ് ഓഫ് ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോബി.ടി. ഈശോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി കുളത്തുങ്കൽ ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സുജ, പി.ആർ.പ്രമോദ്, രവികല എബി, രവി കണ്ടത്തിൽ, റെയ്സൺ.വി.ജോർജ്ജ്, രമേശ് രംഗനാഥ്, ബിയോജ്, രാജേഷ് ആക്ലേത്ത്, ബിനോജ്, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

മലയോര നാടിന് പുതുമ പകർന്ന കയാക്കിങിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്

മലയോര നാടിന് പുതുമ പകർന്ന കയാക്കിങിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.മീൻ പിടിത്തത്തിനായി ആയിരത്തിലേറെ വർഷംമുമ്പ് എസ്കിമോകളാണ് കയാക്കുകൾ നിർമിച്ചത്. വേട്ടക്കാരുടെ തോണി എന്നാണ് കയാക്ക് എന്ന വാക്കിന്റെ അർഥം.

മരവും തിമിംഗിലത്തിന്റെ അസ്ഥികളും ഉപയോഗിച്ചായിരുന്നു ഇത്തരം വള്ളങ്ങളുടെ നിർമാണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യൻമാർ കയാക്കിങ്ങിൽ ആകൃഷ്ടരായി. ജർമൻകാരും ഫ്രഞ്ചുകാരും കയാക്കിങ്ങിനെ കായിക ഇനമായി വികസിപ്പിച്ചു.

ബർലിനിൽ 1936-ൽ നടന്ന ഒളിമ്പിക്സിൽ കയാക്കിങ്ങ് മത്സര ഇനമായി. 1950-കളിൽ ഫൈബർ ഗ്ലാസ് ഉപയോഗിച്ചുള്ള കയാക്കുകൾ വികസിപ്പിക്കപ്പെട്ടു. എന്നാൽ 1980 പോളിഎതിലിൻ പ്ലാസ്റ്റിക് കയാക്കുകൾ നിർമിക്കപ്പെട്ടതോടെയാണ് കയാക്കിങിന് പ്രചുരപ്രചാരം നേടിയത്. ഇന്ന് ഒളിമ്പിക്സിൽ പത്ത് കയാക്കിങ്ങ് ഇനങ്ങളിൽ മത്സരം നടക്കുന്നു.

സീതത്തോടും കയാക്കിംങിലൂടെ ലോക ശ്രദ്ധ നേടുകയാണ്. ധാരാളം ദേശീയ, രാജ്യാന്തര താരങ്ങളെ കയാക്കിങിലൂടെ മലയോര നാടിനു സംഭാവന ചെയ്യാൻ കഴിയുമെന്നാണ് ജനങ്ങളാകെ പ്രതീക്ഷിക്കുന്നത്.

സീതത്തോട്ടിൽ അക്വാട്ടിക്ക് സെൻ്റർ സ്ഥാപിക്കും

സീതത്തോട്ടിൽ അക്വാട്ടിക്ക് സെൻ്റർ സ്ഥാപിക്കുമെന്നും, ഇവിടെ അക്വാ സ്പോട്സിൽ പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
കയാക്കിങിലും, കനോയിങിലും, റാഫ്റ്റിംഗിലും പ്രാദേശികമായി യുവാക്കൾക്ക് പരിശീലനം നല്കും.
ഇത്തരത്തിൽ പരിശീലനം നേടുന്ന പ്രതിഭകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന നിലയിൽ പ്രാപ്തരാക്കും.

 

ടൂറിസവുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് തൊഴിലും, വരുവാനവും ലഭ്യമാകുന്നതിനൊപ്പം രാജ്യത്തിന് മികച്ച കായിക താരങ്ങളേയും സൃഷ്ടിക്കുന്ന നിലയിലേക്ക് അക്വാട്ടിക്ക് സെൻ്ററിനെ മാറ്റി തീർക്കാൻ കഴിയും.സായിയുടെ അംഗീകാരത്തോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
കോന്നിയ്ക്കും, സീതത്തോടിനും അനന്തമായ ടൂറിസം സാധ്യതകൾക്ക് ഈ പദ്ധതി സഹായകമാകും.

കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും തദ്ദേശീയമായ ടൂറിസം സാധ്യതകൾ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.ഇതിനായി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്. സർക്കാരിൻ്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ സഹകരണ മേഖലയിലാണ് കോന്നി ടൂറിസം ഗ്രാമം യാഥാർഥ്യമാക്കുന്നത്.

കോന്നിയുടെ വികസനം ടൂറിസത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ടൂറിസം ഗ്രാമം പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാകുമെന്നും എം.എൽ.എ പറഞ്ഞു. ഇതിനായി എല്ലാ ഡിപ്പാർട്ടുമെൻ്റുകളേയും, ജില്ലാ ഭരണകൂടത്തെയും, സ്വകാര്യ മേഖലയെയുമെല്ലാം ഏകോപിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

കയാക്കിംഗ് പുത്തൻ അനുഭവം സമ്മാനിച്ചതായി ജില്ലാ കളക്ടർ

കയാക്കിങ് ഫ്ലാഗ് ഓഫിനെത്തിയ എം.എൽ.എയും, ജില്ലാ കളക്ടറും കയാക്കിൽ കയറി തുഴയെറിഞ്ഞപ്പോൾ ജനങ്ങൾ ആവേശകൊടുമുടിയേറി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, ജില്ലാ കളക്ടർ ദിവ്യ.എസ്.അയ്യരുമാണ് കയാക്കിംങ് നടത്തി മലയോര ജനതയുടെ മനം കവർന്നത്.

ഫ്ളാഗ് ഓഫിനു ശേഷം കയാക്കിൽ കയറണം എന്ന അദ്യർത്ഥന ഇരുവരും സ്വീകരിക്കുകയായിരുന്നു. ഹെൽമറ്റും, ജായ്ക്കറ്റും ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ചാണ് ഇരുവരും കയാക്കിംങ് നടത്തിയത്.
കയാക്കിംഗ് പുത്തൻ അനുഭവം സമ്മാനിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. ടൂറിസം കാഴ്ചകൾ കാണുക എന്നതു മാത്രമല്ല, ആക്റ്റിവിറ്റികളിൽ പങ്കെടുക്കുക എന്നതുകൂടിയാണെന്നും കളക്ടർ പറഞ്ഞു.

പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം, അഡ്വഞ്ചർ ടൂറിസത്തിൻ്റെ ഭാഗമാകാൻ കൂടി കഴിയുന്നത് കോന്നി ടൂറിസത്തിൻ്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമാകുമെന്നും കളക്ടർ പറഞ്ഞു.
ട്രയൽ റൺ വൻ വിജയമാണെന്ന് നോമി പോളും സംഘവും അറിയിച്ചതായി എം.എൽ.എ പറഞ്ഞു.ഉടൻ തന്നെ കയാക്കിംങ് ആരംഭിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!