കോന്നി വാര്‍ത്ത ഡോട് കോം : മണ്ണിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ ചിതൽപ്പുറ്റിൽ വാർത്തെടുക്കുകയാണ് കോന്നിഐരവൺ സ്വദേശിയായ സച്ചു. എസ്.കൈമൾ എന്ന പ്ളസ് വൺ വിദ്യാർത്ഥി.എന്നാൽ ശില്പ നിർമ്മാണത്തിൽ യാതൊരു വിധ പരിശീലനം ലഭിച്ചിട്ടില്ലാത്ത സച്ചുവിന് ഈ മേഖലയിൽ പ്രോത്സാഹനം നൽകാൻ ഗുരുക്കന്മാരും ഇല്ല.
ചിത്രങ്ങൾ നോക്കിയും, നെറ്റിൽ നോക്കിയുമാണ് ഓരോ ശില്പങ്ങളും വാർത്തെടുത്തിരിക്കുന്നത്.നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് അദ്ധ്യാപകന് ഗണപതിയുടെ ഒരു ചെറു രൂപം നിർമ്മിച്ചു നല്കിയാണ് സച്ചുവെന്ന കൊച്ചു കലാകാരൻ കലാ മേഖലയിൽ തുടക്കം കുറിച്ചത്. ഈ ചെറുപ്രായത്തിൽ ചിതൽപ്പുറ്റിൽ ആയിരത്തിലധികം ശില്പങ്ങൾ നിർമ്മിച്ച കലാകാരൻ നിരവധി ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്.
മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി ,പിണറായി വിജയൻ ,ഗൗരിയമ്മ. വയലാർ രാമവർമ്മ ,സുഗതകുമാരി, ശ്രീനാരായണ ഗുരു, കുമാരനാശാൻ. കുഞ്ഞുണ്ണി മാഷ്, ക്രിസോസ്റ്റം വലിയ തിരുമേനി, അങ്ങനെ നൂറു കണക്കിന് പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് സച്ചുവിൻ്റെ കൈകളിൽ പിറവിയെടുത്തത്.ഇവയുടെ നിർമ്മാണത്തിനായി കൊച്ചു ശില്പി ഉപയോഗിക്കുന്നത് ഈർക്കിൽ മാത്രമാണ്.
ഐരവൺപടിഞ്ഞാറേ ഇല്ലിക്കിക്കൽ വീട്ടിൽ സുരേഷ് കൈമളിൻ്റെയും, ബിന്ദുവിൻ്റെയും മകനാണ് സച്ചു. എസ്.കൈമൾ. സഹോദരി സ്നേഹ ഡിഗ്രി വിദ്യാർത്ഥിനിയാണ്. ഗുരുക്കൻമാരില്ലാതെ സ്വയം സ്വായത്തമാക്കിയ കഴിവു കൊണ്ട് ജില്ല -സംസ്ഥാന ക്ലേ മോഡലിൽ നിരവധി പുരസ്കാരങ്ങളും ഈ കൊച്ചു കലാകാരൻ നേടിയിട്ടുണ്ട്.
മനോജ് പുളിവേലിൽ,ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം