പാഷന്‍ ഫ്രൂട്ടില്‍ നിന്നു മികച്ച് വിളവ്, പ്രൂണിങ്ങിലൂടെ
കോന്നി വാര്‍ത്ത ഡോട്ട് കോം : പാഷന്‍ ഫ്രൂട്ടില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പ്രൂണിങ്. പാഷന്‍ ഫ്രൂട്ട് ചെടികള്‍ പ്രധാനമായും വളര്‍ച്ച കുറഞ്ഞു മുരടിച്ചു നില്‍ക്കുന്ന സമയം തണുപ്പുകാലമാണ് . ഈ സമയമാണ് പ്രൂണിങ്ങിന് ഏറെ അനുയോജ്യം .
ആരോഗ്യമില്ലാത്ത ശിഖിരങ്ങളും ഉണങ്ങിയ വള്ളികളും മൂര്‍ച്ചയേറിയ കത്തികൊണ്ടു മുറിച്ചു മാറ്റണം. നിലത്തു കൂടി പടര്‍ന്നു കിടക്കുന്ന വള്ളികളും കട്ട് ചെയ്തു മാറ്റാം. പ്രൂണിങ് കഴിഞ്ഞ ഉടനെ 5 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്ത് കൊടുക്കണം. ഇതു പുതു നാമ്പുകള്‍ പെട്ടെന്ന് വരാന്‍ സഹായകമാകും. ഒന്ന് – ഒന്നര മാസം കൊണ്ട് തന്നെ പൂക്കളും കായ്കളുമായി തോട്ടം വീണ്ടും നിറയും. വര്‍ഷാവര്‍ഷമുള്ള പ്രൂണിങ്ങ് ചെടിയുടെ ശരിയായ വളര്‍ച്ചക്ക് സഹായിക്കും.
വിളവെടുപ്പ് രണ്ട് തവണ
വര്‍ഷത്തില്‍ പ്രധാനമായും രണ്ടു തവണയാണ് പാഷന്‍ ഫ്രൂട്ട് വിളവെടുക്കുക. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും നവംബര്‍ മുതല്‍ ജനുവരിവരെയുമാണ് വിളവു ലഭിക്കാറ്. വര്‍ഷത്തില്‍ ഒരു തവണ വിളവു തരുന്ന ഇനങ്ങളും ഉണ്ട്. ചെടിയില്‍ നിന്നു കൊണ്ട് തന്നെ മൂത്ത് പാകമായി പൊഴിയുന്ന പാഷന്‍ ഫ്രൂട്ടിനാണ് നല്ല രുചിയും മണവും ഉണ്ടാകൂ. ആഴ്ച്ചയില്‍ മൂന്നു തവണ വരെ വിളവെടുക്കാം. നല്ല വളപ്രയോഗവും പരിചരണവും കൊടുക്കുന്ന ഒരു ചെടിയില്‍ നിന്ന് 10 കിലോ വരെ വിളവ് ലഭിക്കാറുണ്ട്. അഞ്ച് വര്‍ഷമാണ് ഒരു പാഷന്‍ ഫ്രൂട്ടിന്റെ ആയുസ്സ്. നാല് വര്‍ഷം കഴിയുമ്പോഴെക്കും വിളവ് കുറയും. ഈ സമയത്ത് പുതിയ തടത്തില്‍ പുതിയ തൈകള്‍ നട്ട് വളര്‍ത്തി പന്തലില്‍ തന്നെ കയറ്റിവിടാം. അപ്പോഴെക്കും പഴയ പാഷന്‍ ഫ്രൂട്ടിന്റ ചെടി വേരോടെ പറിച്ചു കളഞ്ഞ് പുതിയതിന് വളരാന്‍ അവസരം ഒരുക്കണം.
നടുന്ന രീതി
വിത്തുമുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 10 കിലോഗ്രാം ചാണകപ്പൊടിയോ മറ്റ് കമ്പോസ്റ്റ് വളങ്ങളോ ഇട്ട് മണ്ണുമായി ഇളക്കി ചേര്‍ക്കുക. ഇതിനു ശേഷം തൈ നടുക. ഈര്‍പ്പവും ജൈവാംശവുമുള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പിന്നീട് പുതുമഴ പെയ്യുന്നതോടെ തടത്തിലെ കളകള്‍ പറിച്ചു ജൈവവളങ്ങള്‍ നല്‍കണം. കൂടാതെ പച്ചില കമ്പോസ്റ്റ്, ചാണക കുഴമ്പ്, ചാരം എന്നിവയെല്ലാം ഫാഷന്‍ ഫ്രൂട്ടിന് വളമായി ഉപയോഗിക്കാം. മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്റ്റോബര്‍ മാസങ്ങളിലുമാണ് പാഷന്‍ ഫ്രൂട്ട് പൂക്കുക. മണ്ണില്‍ നട്ട് ടെറസിലേക്ക് വളര്‍ത്തിവിട്ടാല്‍ വീട്ടില്‍ നല്ല കുളിര്‍മ കിട്ടും. മുറ്റത്തു പന്തലിട്ടു വളര്‍ത്തുകയും ചെയ്യാം. ഗ്രോബാഗിലും വലിയ ചാക്കിലുമെല്ലാം പാഷന്‍ ഫ്രൂട്ട് വളര്‍ത്താം. വലിയ പരിചരണമൊന്നും ആവശ്യമില്ല. ഇടയ്ക്ക് നനച്ചു കൊടുക്കണം.
ഗുണങ്ങള്‍
പാഷന്‍ ഫ്രൂട്ട് കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റാനുള്ള ഒറ്റമൂലിയാണ്. ധാതുക്കളുടെയും പോഷകങ്ങളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണിത്. ദഹനസഹായികളായ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ ഫ്ളൂ, പനി, ജലദോഷം എന്നിവയെ തടയും. കാഴ്ച ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കും.
പാഷൻ ഫ്രൂട്ടാണ് താരം : മൂല്യവർധിത ഉത്പന്നങ്ങളുമായി ഒരു കൂട്ടം കർഷകർ
എറണാകുളം: പാഷൻ ഫ്രൂട്ട് സ്ക്വാഷ്, പാഷൻ ഫ്രൂട്ട് മാൻഡലിൻ, പാഷൻ ഫ്രൂട്ട് ടെക്സ്ചേർഡ്… നാട്ടിൽ സുലഭമായി ലഭിക്കുന്ന പാഷൻ ഫ്രൂട്ടിനെ താരമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയാണ് ഒരു കൂട്ടം കർഷകർ. കൂനമ്മാവ് പഴക്കൂട്ട് ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പിലെ കർഷകരാണ് നാടൻ പഴങ്ങളിൽ നിന്നുമുള്ള വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിട്ടിരിക്കുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ എന്നിവരുടെ സഹകരണത്തോടെയാണ് ഉത്പന്നങ്ങളുടെ നിർമ്മാണം. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ കീഴിലാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഉത്പന്നങ്ങൾ നാട്ടിലെ വിപണികളിൽ തന്നെ വിറ്റഴിക്കും.
പാഷൻ ഫ്രൂട്ടിൽ നിന്നും സ്ക്വാഷ്, പാഷൻ ഫ്രൂട്ട് ടെക്സ്ചേർഡ്, നാരങ്ങാനീരിനോടൊപ്പം ചേർത്തുണ്ടാക്കുന്ന പാഷൻഫ്രൂട്ട് മേയർ ലെമോൺഡ, മാൻ്റരിൻ ഓറഞ്ചുമായി ചേർത്തുണ്ടാക്കുന്ന പാഷൻ ഫ്രൂട്ട് മാൻ്റരിൻ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് യൂണിറ്റ് നിർമ്മിക്കുന്നത്.
മണവും നിറവും കൂട്ടാൻ രാസവസ്തുക്കൾ ആവശ്യമില്ലെന്നതാണ് പാഷൻ ഫ്രൂട്ടിൻ്റെ ഗുണം. ഇവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പാസിഫ്ലോറിൻ എന്ന ഘടകം മാനസിക സമ്മർദ്ദം അകറ്റാനുള്ള ഒറ്റമൂലിയാണ്. അതിനാൽ തന്നെ മൂല്യവർധിത ഉത്പന്നങ്ങൾ കൂടാതെ പല മരുന്നുകളിലേയും അഭിവാജ്യഘടകമാണ് പാഷൻ ഫ്രൂട്ട്.
കർഷകർ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പാഷൻ ഫ്രൂട്ടുകൾ ശേഖരിക്കുന്നത്. ആവശ്യപ്പെടുന്നവർക്ക് പണം നൽകും. പാഷൻ ഫ്രൂട്ട് കൂടാതെ ചാമ്പയ്ക്ക, പേരയ്ക്ക, സപ്പോട്ട, ചക്ക, മാങ്ങ തുടങ്ങി എല്ലാ നാടൻ പഴങ്ങളും ശേഖരിച്ച് അവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കും.