Trending Now

കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണും: മന്ത്രി വീണാ ജോര്‍ജ്

കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണും: മന്ത്രി വീണാ ജോര്‍ജ്

www.konnivartha.com : കുരുമ്പന്‍മൂഴി അടുക്കളപാറക്കടവില്‍ പമ്പാ നദിക്ക് കുറുകെ പാലം നിര്‍മിക്കുക മാത്രമാണ് പ്രദേശം ഒറ്റപ്പെടാതിരിക്കാന്‍ ഉള്ള വഴിയെന്നും കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നു മുങ്ങിപ്പോയ കുരുമ്പന്‍മൂഴി കോസ്‌വേ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കിഴക്കന്‍ മേഖലയില്‍ കനത്ത മഴ പെയ്താല്‍ ഉടന്‍ കുരുമ്പന്‍മൂഴി കോസ്‌വേ മുങ്ങുകയും 650 കുടുംബങ്ങള്‍ താമസിക്കുന്ന കുരുമ്പന്‍മൂഴി ആദിവാസി കോളനി വാസികള്‍ ദുരിതത്തിലാകുകയും ചെയ്യുന്നത് പതിവാണ്. ഇവരുടെ ദുരിതം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലത്തിന്റെ രൂപരേഖ തയാറായിട്ടുണ്ട്. പാലം പണി വേഗത്തിലാക്കാന്‍ വേണ്ട സഹായങ്ങള്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.

പെരുന്തേനരുവിയില്‍ നിന്ന് വനമേഖലയില്‍ കൂടി കുരുമ്പന്‍മൂഴിയിലേക്കുള്ള കുരുമ്പന്‍മൂഴി – പെരുന്തേനരുവി പാതയും മന്ത്രി സന്ദര്‍ശിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ജയിംസ്, ബീന ജോബി, വൈസ് പ്രസിഡന്റ് നിഷ അലക്‌സ്, എന്‍എച്ച്എം ഡിപിഎം. ഡോ. സി.എസ്. നന്ദിനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.