കോന്നി ഫയർഫോഴ്സ്സിന്‍റെ പുതിയ ആംബുലന്‍സ് പൊതുജനത്തിന് വാടകയ്ക്ക് ലഭിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി, സീതത്തോട് ഫയർഫോഴ്സുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സർക്കാർ അനുവദിച്ച പുതിയ വാഹനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് ഫയർസ്റ്റേഷനുകൾക്ക് കൈമാറി. കോന്നി ഫയർസ്റ്റേഷന് ഫോർ വീൽ സൗകര്യമുള്ള മൾട്ടി യൂട്ടിലിറ്റി വാഹനവും, പുതിയ ആംബുലൻസും,സീതത്തോട് ഫയർസ്റ്റേഷന് ഫോർ വീൽ മൾട്ടി യൂട്ടിലിറ്റി വാഹനവുമാണ് ലഭിച്ചത്.
ടാറ്റാ കമ്പിനി നിർമ്മിച്ചവയാണ് വാഹനങ്ങൾ. തീപിടുത്തം ഒഴികെയുള്ള അപകടങ്ങൾ എത്ര ഉയർന്ന സ്ഥലത്ത് നടന്നാലും മൾട്ടി യൂട്ടിലിറ്റി വാഹനത്തിൽ അവിടെ എത്തിച്ചേരാൻ കഴിയും. വനമേഖലയിലടക്കം നടക്കുന്ന അപകടങ്ങൾക്ക് ഉടനടി എത്തി രക്ഷാപ്രവർത്തനം നടത്താൻ ഇതോടെ കഴിയും.
റബ്ബർ ഡിങ്കി ഉൾപ്പടെയുള്ളവ വാഹനത്തിൽ എത്തിക്കാനും കഴിയും.
കോന്നിയിൽ നല്‍കിയിട്ടുള്ള ആംബുലൻസ് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതു കൂടാതെ പൊതുജനങ്ങൾക്ക് വാടകയ്ക്കും ലഭിക്കും. പകർച്ചവ്യാധി ഒഴികെയുള്ള രോഗങ്ങൾ ഉള്ളവർക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലാവും ഇത് ലഭ്യമാക്കുക.
കോന്നി, സീതത്തോട് ഫയർസ്റ്റേഷനുകളെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ സർക്കാരിൻ്റെ പരിഗണനയിലാണെന്ന് എം.എൽ.എ പറഞ്ഞു. കോന്നിയിൽ സ്വന്തമായി ഫയർഫോഴ്സിന് ആസ്ഥാനം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. കാട്ടുതീ ഉൾപ്പടെ നേരിടുന്ന നിലയിൽ ഫയർ ഫോഴ്സിനെ ശക്തിപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.
കോന്നിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ എം.എൽ.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്തംഗം കെ.ജി. ഉദയകുമാർ, അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ എസ്.സുരേഷ് കുമാർ, സീനിയർ ഗ്രേഡ് ഫയർ ഓഫീസർ എൻ.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.
സീതത്തോട്ടിൽ ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സുജ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോബി.ടി.ഈശോ, സ്റ്റേഷൻ ഓഫീസർ ബി.ഗിരീഷ് കുമാർ, സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.