Trending Now

ജില്ലയില്‍ കനത്ത കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

 

കനത്ത കാറ്റ് വലിയ നാശനഷ്ടം വിതച്ച സ്ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയത് മികച്ച പ്രവര്‍ത്തനമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. എഴുമറ്റൂര്‍, അയിരൂര്‍, തെളളിയൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റില്‍ നഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. റവന്യു വകുപ്പ്, കെഎസ്ഇബി, ഫയര്‍ഫോഴ്‌സ്, പോലീസ്, പഞ്ചായത്ത് തുടങ്ങിയ എല്ലാ വകുപ്പുകളും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
എഴുമറ്റൂര്‍, അയിരൂര്‍, തെളളിയൂര്‍ എന്നിവിടങ്ങളില്‍ വീശിയ ശക്തമായ കാറ്റില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഒരു ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. തെള്ളിയൂര്‍ ഗവ എല്‍പിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഇതുവരെ ആറു കുടുംബങ്ങളിലെ 20 പേര്‍ കഴിയുന്നുണ്ട്. മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 185 വീടുകള്‍ ഭാഗീകമായും, 34 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കില്‍ 125 വീടുകള്‍ ഭാഗീകമായും, 24 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

റാന്നി താലൂക്കില്‍ 60 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്കില്‍ ആരെങ്കിലും ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ അവയില്‍ പുന:പരിശോധന നടത്തി തീരുമാനമെടുക്കും. കടപുഴകി വീണ വൃക്ഷങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. റോഡുകളിലെ തടസങ്ങളും നീക്കം ചെയ്തു. ആളപായങ്ങളില്ലാത്തത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം സാറാ പി.തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ്, എഴുമറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.