പത്തനംതിട്ട ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ചുമതലയേറ്റെടുത്തത്. ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായി നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ സ്ത്രീ ശാക്തീകരണത്തിനു മുന്‍തൂക്കം നല്‍കും. പൊതുജനസേവനത്തിനായി എല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാം.
ജില്ലയുടെ സമഗ്ര വികസനത്തിനും പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനും വയോജനങ്ങളുടെ സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുമെന്നും ചുമതലയേറ്റ ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിനിയാണ് ദിവ്യ എസ് അയ്യര്‍. എംബിബിഎസ് ഡോക്ടര്‍ ആണ്. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, ദേശീയ ആയുഷ്മിഷന്‍ എന്നിവയുടെ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതയായത്.
എഡിഎം അലക്സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടര്‍ സന്ദിപ് കുമാര്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഡെപ്യൂട്ടി കളക്ടര്‍മാരായ ടി.എസ് ജയശ്രീ, ബി.ജ്യോതി, പി.ആര്‍ ഷൈന്‍, ആര്‍.രാജലക്ഷ്മി, ടി.ജി ഗോപകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റത് മാതാപിതാക്കള്‍ക്കൊപ്പം
പത്തനംതിട്ട ജില്ലയിലെ പുതിയ കളക്ടറായി ഡോ. ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റത് അമ്മ ഭഗവതി അമ്മാള്‍ക്കും അച്ഛന്‍ ശേഷ അയ്യര്‍ക്കും ഒപ്പം. ഈ ഒരു നിമിഷം വാക്കുകള്‍ക്ക് അതീതമാണെന്നും ഐ.എ.എസ് എന്നത് നാലാം ക്ലാസ് മുതലുള്ള മകളുടെ വലിയ ആഗ്രഹമായിരുന്നെന്നും അമ്മ ഭഗവതി അമ്മാള്‍ പറഞ്ഞു. വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛനും എസ്.ബി.ടി ഉദ്യോഗസ്ഥയായിരുന്ന അമ്മയ്ക്കും ദിവ്യയെക്കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്.