കോന്നി വാര്‍ത്ത ഡോട്ട് കോം : അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30 നകം പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഊര്‍ജിതനടപടികള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുവരുന്നു. പിഴയോ ശിക്ഷയോ ഇല്ലാതെ മുന്‍ഗണന കാര്‍ഡുകള്‍ (പിഎച്ച്എച്ച് പിങ്ക്, എഎവൈ മഞ്ഞ) കാര്‍ഡുകള്‍ മാറ്റുന്നതിനുള്ള സമയം ഈ മാസം 30 വരെയാണ് അനുവദിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കാത്തിരുക്കുന്നത് കടുത്ത നടപടി
ജൂലൈ ഒന്നു മുതല്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ച് അനര്‍ഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും ഏത് ദിവസം മുതലാണോ അനര്‍ഹമായി വാങ്ങി കൊണ്ടിരുന്നത് അതിന്റെ വിപണി വില പിഴയായി ഈടാക്കുന്നതും നിയമന നടപടികള്‍ സ്വീകരിക്കുന്നതും ആവശ്യമെങ്കില്‍ റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ് ചെയ്യുന്നതുമായിരിക്കും. അനധികൃതമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണെങ്കില്‍ വകുപ്പ്തല നടപടി എടുക്കുന്നതും ക്രിമിനല്‍ കുറ്റം ചുമതുന്നതുമാണ്. നിശ്ചിത കാലാവധിക്കകം കാര്‍ഡ് മാറ്റാത്തവര്‍ക്കായി ജൂലൈ ഒന്നു മുതല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകളും റെയ്ഡും നടത്തും. തുടര്‍ന്നും കാര്‍ഡ് മാറ്റാതെ അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ അറിയിക്കാം. അറിയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
എങ്ങനെ അപേക്ഷിക്കാം
ഇതിനായുള്ള അപേക്ഷകള്‍ നേരിട്ടോ ഇ.മെയിലൂടെയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലേക്കോ താലൂക്ക് സപ്ലൈ ഓഫീസറുടെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കോ അറിയിക്കാം.
ആരാണ് അനര്‍ഹര്‍
സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ/ സഹകരണ മേഖല ഉദ്യോഗസ്ഥരോ പെന്‍ഷണറോ ആദായ നികുതി അടക്കുന്നവരോ പ്രതിമാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാര്‍ഗമല്ലാത്ത ടാക്സി ഒഴികെയുള്ള നാലു ചക്ര വാഹനം ഉള്ളവര്‍ക്കും മുന്‍ഗണന കാര്‍ഡുകള്‍ക്ക് അര്‍ഹതയില്ല. മുന്‍ഗണന പട്ടികയില്‍ നിന്ന് ആളുകള്‍ ഒഴിവാകുന്നതിനനുസരിച്ചു പട്ടികയ്ക്ക് പുറത്ത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു കാത്തിരിക്കുന്നവരടക്കമുള്ള അര്‍ഹരായവരെ ഇതില്‍ ഉള്‍പ്പെടുത്തും.
നേരിട്ട് വിളിച്ചറിയിക്കാം.
അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശംവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും വിളിച്ചറിയിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് -04682 222212, 9188527347. തിരുവല്ല- താലൂക്ക് സപ്ലൈ ഓഫീസ്- 0469 2701327, 9188527350. അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്-04734 224856, 9188527346. റാന്നി താലൂക്ക് സപ്ലൈ ഓഫീസ്- 04735 227504, 9188527348. മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ്-0469 2782374, 9188527351. കോന്നി താലൂക്ക് സപ്ലൈ ഓഫീസ് – 0468 2246060, 9188527349.
വകുപ്പുതല ഊര്‍ജിത നടപടികളുടെ ഭാഗമായി അനധികൃത കാര്‍ഡുകള്‍ മാറ്റുന്നതിന് ജൂണ്‍ 28 വരെ ലഭിച്ച അപേക്ഷകള്‍ താലൂക്ക്, എ.എ.വൈ, പി.എച്ച്.എച്ച്, എന്‍.പി.എസ് എന്നീ ക്രമത്തില്‍ ചുവടെ
കോഴഞ്ചേരി 26 93 97
തിരുവല്ല 28 128 61
അടൂര്‍ 21 113 10
റാന്നി 31 136 163
മല്ലപ്പള്ളി 35 117 53
കോന്നി 45 107 39
ആകെ 186 694 423
ഇനിയും അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഈ മാസം 30 ന് മുന്‍പ് കാര്‍ഡ് മാറ്റാനായി അപേക്ഷ നല്‍കി സ്വയം പിഴയടക്കമുള്ള ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാകണമെന്നും അര്‍ഹതയുള്ളവര്‍ക്കായി മുന്‍ഗണന റേഷന്‍ കാര്‍ഡ് വിട്ടു നല്‍കാന്‍ തയ്യാറാകണമെന്നും ജില്ല സപ്ലൈ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. നിശ്ചിത കാലവധിക്കകം കാര്‍ഡ് മാറ്റാത്തവരെ കണ്ടെത്താനായി ജൂലൈ ഒന്ന് മുതല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകളും റെയ്ഡും നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍ അറിയിച്ചു.