കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷൻ. വനം വകുപ്പിന്‍റെ ഈ ഉദ്യമത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തും പങ്കാളികളാണ്. ഈ വർഷത്തെ വേനൽ മഴയിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1522. 2 mm). കോന്നിയിലായിരുന്നു.
അച്ചൻകോവിൽ നദിയിലെ വെള്ളപ്പൊക്ക സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിൻറെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ മേഖലയിൽ അച്ചൻകോവിലാറിൻറെ തീരത്തായി സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ആദ്യ ഗ്രാമമായ ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊര്, കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ചേമ്പാല, മുള്ളുമല എന്നിവിടിങ്ങളിൽ വനം വകുപ്പ് താത്കാലിക മഴമാപിനി സ്ഥാപിച്ചു.
അരുവാപ്പുലം പഞ്ചായത്തിന്റ്റെ നേതൃത്വത്തിൽ അപ്പൂപ്പൻ തോട്, കല്ലേലി തോട്ടം ഈസ്റ്റ് ഡിവിഷൻ, ഊട്ടുപാറ, അക്കരകാലാപടി എന്നിവിടങ്ങളിലാണ് മഴ മാപിനികൾ സ്ഥാപിച്ചത്. ഇത് കൂടാതെ പാടം, കരിപ്പാൻ തോട്, മണ്ണീറ, തലമാനം, കുമ്മണ്ണൂർ എന്നീ ഫോറസ്ററ് സ്റ്റേഷനുകളിൽ വനം വകുപ്പ് താത്കാലിക മഴ മാപിനി നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ മഴമാപിനികളിൽ നിന്നുമുള്ള വിവരം രാവിലെ 8 മണിക്ക് തന്നെ കോന്നി ഡിവിഷനൽ ഓഫീസിലെ ഡിസാസ്റ്റർ ഓപ്പറേഷൻ സെല്ലിൽ അറിയിക്കും. എല്ലാ മഴമാപിനിയിലെയും വിവരങ്ങൾ ക്രോഡീകരിച്ചു ജില്ലാ ദുരന്ത നിവാരണ സമിതിക്ക് കൈമാറും.
കോന്നി വനം ഡിവിഷണൽ ഓഫീസർ ശ്യാം മോഹൻ ലാൽ , നടുവത്തുമൂഴി റേഞ്ച് ഓഫീസർ അജീഷ്.എം എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണാറപ്പാറ റേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ മഴ മാപിനികൾ സ്ഥാപിച്ചത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് രേഷ്മാ മറിയം റോയ്, വാർഡ് മെമ്പർ സിന്ധു പി, എം.ജി സർവ്വകലാശ്ശാല പരിസ്ഥിതി ശാസ്ത്ര ഗവേഷകൻ അരുൺ ശശി. എസ് എന്നിവരുടെ നേതൃത്വത്തിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മഴമാപിനികൾ സ്ഥാപിച്ചു.