Trending Now

സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയതായി പരാതി

സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയതായി പരാതി

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളില്‍ തറച്ച പതിനേഴുകാരന്‍ വേദന തിന്നത് മൂന്നു ദിവസം. വിവരം അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതി. അസ്വസ്ഥതയെ തുടര്‍ന്ന് ആഞ്ഞു തുമ്മിയപ്പോള്‍ മൂക്കിനുള്ളില്‍ നിന്ന് സ്ട്രിപ്പിന്‍റെ അവശിഷ്ടം പുറത്തു വന്നു. കോന്നി താലൂക്കാശുപത്രിക്കെതിരേ പതിനേഴുകാരന്‍റെ പിതാവ് പരാതി നല്‍കി.

കോന്നി മങ്ങാരം കല്ലുവിളയില്‍ മനോജിന്‍റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു വിന്‍റെ മൂക്കിലാണ് അപകടകരമായ നിലയില്‍ സ്ട്രിപ്പിന്‍റെ അഗ്രഭാഗം ഒടിഞ്ഞ് തുളച്ചിരുന്നത് എന്നാണ് പരാതി .മാതാവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷ്ണു താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനായി എത്തിയത്. ജീവനക്കാര്‍ മൂക്കില്‍ ഇടതു ദ്വാരത്തില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനിടെ സ്ട്രിപ്പ് രണ്ടായി ഒടിഞ്ഞു. ശേഷിച്ച ഭാഗം മൂക്കിലുണ്ടെന്ന് ജിഷ്ണു അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ അങ്ങനെ വരില്ലെന്ന് പറഞ്ഞ് മൂക്കിലെ വലതു ദ്വാരത്തില്‍ നിന്ന് മറ്റൊരു സ്ട്രിപ്പ് ഉപയോഗിച്ച്‌ സ്രവം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ മൂക്കിനുള്ളില്‍ ഒടിഞ്ഞ ഭാഗം ഉണ്ടെന്നും ശക്തമായ വേദനയുണ്ടെന്നും ജിഷ്ണു പറഞ്ഞെങ്കിലും ജീവനക്കാര്‍ ഇത് അംഗീകരിക്കാതെ രോഗമായതിനാലാണ് വേദനയെന്ന് പറഞ്ഞ് തിരികെ വിട്ടതായി ആണ് പരാതി  .

വീട്ടിലെത്തിയ ശേഷം നിര്‍ത്താതെയുള്ള തുമ്മല്‍ തുടരുകയും വേദന ഉണ്ടാകുകയും ചെയ്തു. ഞായറാഴ്ച കോവിഡ് പോസിറ്റീവാണെന്ന് റിസള്‍ട്ടും വന്നു. ഇതു മൂലം ആശുപത്രിയില്‍ പോകാനും കഴിഞ്ഞില്ല. ശക്തമായ തുമ്മല്‍ തുടര്‍ന്നപ്പോഴാണ് മൂക്കില്‍ ഒടിഞ്ഞിരുന്ന സ്ട്രിപ്പിന്‍റെ ഭാഗം പുറത്തേക്ക് വന്നത്.ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ ചൂണ്ടി കാട്ടി ജിഷ്ണുവിന്‍റെ പിതാവ് മനോജ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

error: Content is protected !!