ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

 ആരോഗ്യ വകുപ്പ് മന്ത്രിയായി  ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ്  നാളെ സത്യപ്രതിജ്ഞ ചെയ്യും

കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
കെ.രാജന്‍- റവന്യു
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
വി.ശിവന്‍കുട്ടി – തൊഴില്‍
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
ആന്റണി രാജു- ഗതാഗതം
എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌
റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
പി.പ്രസാദ്- കൃഷി
ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

മന്ത്രിസഭാ സത്യപ്രതിജ്ഞ 20ന്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം പ്രവേശനം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.

പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ/ട്രൂനാറ്റ്/ആർ.ടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, കോവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.

ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എൽ.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാർ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.

കാർപാർക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സർവകലാശാല കാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

error: Content is protected !!