Trending Now

കേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി

കേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി

കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം.ജാഗ്രത കൂടുതൽ ശക്തമാക്കാൻ നടപടിയെടുക്കുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞു.

മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാൻസർ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്.

ഇന്ത്യയിലെ പ്രമേഹ രോഗികളിൽ 47 ശതമാനം പേരിലും രോഗാവസ്ഥ മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം ആളുകളിൽ മാത്രമാണ് പ്രമേഹം നിയന്ത്രണ വിധേയമായിട്ടുള്ളത്. അതുകൊണ്ട് മ്യൂകർമൈകോസിസ് പ്രമേഹരോഗികൾക്കിടയിൽ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ മഹാരാഷ്ട്രയിൽ കോവിഡുമായി ബന്ധപ്പെട്ടു മ്യൂകർമൈകോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ രോഗം ഗുരുതരമായി പിടിപെടാം.

മഹാരാഷ്ട്രയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. അതിനുശേഷം മലപ്പുറത്ത് ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ 15 കേസുകളാണ് മ്യൂകർമൈകോസിസ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാൾ കൂടുതലല്ല. കാരണം 2019ൽ 16കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.കോവിഡ് രോഗികളുടെ ചികിത്സയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിർത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ ട്രെയിനിങ് ഡോക്ടർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.രണ്ടാമത്തെ തരംഗത്തിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മ്യൂകർമൈകോസിസ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

പ്രമേഹ രോഗമുള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർദ്ദേശങ്ങൾക്കായി ഇ-സഞ്ജീവനി സോഫ്റ്റ്വെയർ വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.
സ്റ്റിറോയ്ഡുകൾ കോവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ആണ്. പക്ഷേ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ.ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ.

വളരെ അപൂർവമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാൽ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പ്രമേഹമുള്ളവർ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!