നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്നുകൂടി (മാര്‍ച്ച് 9) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

പെരുമാറ്റച്ചട്ട ലംഘനം:
ജില്ലയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി;
8814 തെരഞ്ഞെടുപ്പ് സാമഗ്രികള്‍നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി.
ജില്ലയില്‍ ഇതുവരെ 8814 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ ഒരു ചുമരെഴുത്ത്, 4529 പോസ്റ്ററുകള്‍, 2190 ബാനറുകള്‍, 2094 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 158 പോസ്റ്ററുകളും 60 കൊടികളും ഉള്‍പ്പടെ 218 സാമഗ്രികളും നീക്കം ചെയ്തു.
തിരുവല്ല മണ്ഡലത്തില്‍ 2092 പ്രചാരണ സാമഗ്രികളും റാന്നി-2119, ആറന്മുള- 1556, കോന്നി-1542, അടൂര്‍-2505 സാമഗ്രികളുമാണ് നീക്കം ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച, ഫ്‌ളൈയിങ് സ്‌ക്വാഡ്, ആന്റി ഡെഫെയ്‌സ്‌മെന്റ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ്, വീഡിയോ സര്‍വെയ്‌ലന്‍സ് തുടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ വഴി സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലേയും പൊതുഇടങ്ങളിലെയും പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം, സ്വകാര്യ വസ്തുകളിലെയും ഇത്തരം സാമഗ്രഹികള്‍, വ്യക്തികളുടെ പരാതിയെ തുടര്‍ന്നോ അല്ലാതായോ നീക്കം ചെയ്യുന്നുണ്ട്. തങ്ങളുടെ അധികാര പരിധിയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണുന്ന മുറയ്ക്ക് വരണാധികാരികള്‍ സ്വമേധയ നടപടി സ്വീകരിക്കും.

അവശ്യ മേഖലകളിലെ ജീവനക്കാര്‍ക്ക്
പോസ്റ്റല്‍ വോട്ട് ചെയ്യാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്ത അവശ്യവകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിട്ടി, കെ എസ് ആര്‍ ടിസി, ട്രഷറി, വനംവകുപ്പ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍( ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, വ്യോമയാനം), ആംബുലന്‍സ്, തെരഞ്ഞെടുപ്പു കമ്മിഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, വ്യോമയാനം, കപ്പല്‍ ഗതാഗതം എന്നിവയാണ് അവശ്യസര്‍വീസുകള്‍. പോസ്റ്റല്‍ ബാലറ്റിനായുള്ള 12 ഡി അപേക്ഷകള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതയായ ഈ മാസം 12 മുതല്‍ 17 വരെയുള്ള അഞ്ചുദിവസം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്കു സമര്‍പ്പിക്കണം. ജില്ലാ വരണാധികാരിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇതിനായുള്ള അപേക്ഷാഫോറം ലഭിക്കും. കൂടാതെ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നോഡല്‍ ഓഫീസറില്‍ നിന്നും ഫോറം ലഭിക്കും.

പത്രിക സമര്‍പ്പണ സമയത്തും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനം

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ സമയത്ത് രണ്ട് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പണ സമയം. മുന്‍കൂട്ടി ടോക്കണ്‍ എടുത്തു കൃത്യസമയത്ത് തന്നെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ എത്തണം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച നോമിനേഷന്‍ സ്വീകരിക്കുന്നതല്ല.

നിയമസഭാ തെരഞ്ഞെടുപ്പ്:
ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, പൊതുയോഗങ്ങള്‍
എന്നിവയ്ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാന്‍ https://suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പരില്‍ വരുന്ന വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നല്‍കുക. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവയില്‍ സ്ഥാനാര്‍ഥി എന്നത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജില്‍ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായുള്ളതാണ്. ഈ പേജില്‍ സ്ഥാനാര്‍ത്ഥിയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരുന്നതാണ്.
ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കുക. ഇമെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ നല്‍കുക. കാറ്റഗറി എന്ന ടാബില്‍ എസ്‌സി, എസ്ടി, ജനറല്‍ എന്നതില്‍ പ്രസക്തമായത് തെരഞ്ഞെടുത്ത ശേഷം വിവരങ്ങള്‍ ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ മാറ്റം വരുത്തിയ ശേഷം സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകാം. തുടര്‍ന്നു വരുന്ന പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നീ ടാബുകള്‍ ഉണ്ട്. ഇതില്‍ പെര്‍മിഷന്‍ ടാബ് ഉപയോഗിച്ച് വാഹനം, ഉച്ചഭാഷിണി, യോഗം എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ നല്‍കിയാല്‍ ഓണ്‍ലൈന്‍ അനുമതി ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകള്‍
ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍

നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ https://suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പരില്‍ വരുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ കാണുന്ന സ്ഥലത്ത് എന്റര്‍ ചെയ്യുക.
സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവയില്‍ സ്ഥാനാര്‍ഥി എന്നത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജ് സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായുള്ളതാണ്. ഈ പേജില്‍ സ്ഥാനാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും.
ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കുക. ഇമെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ നല്‍കുക. കാറ്റഗറി എന്ന ടാബില്‍ എസ് സി, എസ് ടി, ജനറല്‍ എന്നതില്‍ പ്രസക്തമായത് തെരഞ്ഞെടുത്ത ശേഷം വിവരങ്ങള്‍ ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ മാറ്റം വരുത്തിയ ശേഷം സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകാം.
തുടര്‍ന്നു വരുന്ന പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നീ ടാബുകള്‍ ഉണ്ട്. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്റ്റ് ചെയ്ത് എല്ലാ അഫിഡവിറ്റും പൂരിപ്പിച്ച് ഏറ്റവും അവസാനത്തെ പേജില്‍ പ്രിവ്യൂ ആന്റ് ഫൈനലൈസ് ടാബ് ഉപയോഗിച്ച് സേവ് ചെയ്യുക. ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം കണ്‍ഫര്‍മേഷന്‍ കൊടുത്ത് ഫൈനലൈസ് ചെയ്യുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലം എന്നിവ തെരഞ്ഞെടുത്ത് സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകുക.
തുടര്‍ന്നു വരുന്ന പേജില്‍ ഫോറം രണ്ട് ബിയില്‍ (നോമിനേഷന്‍ പേപ്പര്‍) ഫോട്ടോ അപ്‌ലോഡ് ചെയ്ത്, നിയമസഭാ മണ്ഡലം തെരഞ്ഞെടുത്ത ശേഷം സ്ഥാനാര്‍ഥിയുടെയും പിന്താങ്ങുന്ന ആളുടെയും തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ നല്‍കുക.
തുടര്‍ന്നു വരുന്ന പേജില്‍ ഫോം രണ്ട് ബി (നോമിനേഷന്‍ പേപ്പര്‍) പാര്‍ട്ട് മൂന്നില്‍ ഡിക്ലറേഷനും ഫോമില്‍ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും പൂരിപ്പിക്കുക. തുടര്‍ന്നു വരുന്ന പേജില്‍ ഫോം രണ്ട് ബി (നോമിനേഷന്‍ പേപ്പര്‍) പാര്‍ട്ട് മൂന്ന് എ യില്‍ ഫോമില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിക്കുക. ഇതിനു ശേഷം മുന്‍പ് പൂരിപ്പിച്ച അഫിഡവിറ്റ് ഫയല്‍ തെരഞ്ഞെടുത്ത് ഫൈനലൈസ് ചെയ്ത് അടുത്ത പേജിലേക്ക് പോകുക. തുടര്‍ന്ന് പ്രൊസീഡ് ബട്ടന്‍ അമര്‍ത്തുക. തുടര്‍ന്നു വരുന്ന പേജില്‍, നോമിനേഷന്‍ നേരില്‍ സമര്‍പ്പിക്കാനുള്ള തീയതി, സമയം എന്നിവ തെരഞ്ഞെടുക്കുക. തുടര്‍ന്ന് പണം അടയ്ക്കുന്നതിനുള്ള പേജില്‍ പണം അടയ്ക്കുക. നോമിനേഷന്‍ ടാബില്‍ സബ്മിറ്റഡ് നോമിനേഷനില്‍ നിന്ന് സമര്‍പ്പിച്ച നോമിനേഷന്‍, അഫിഡവിറ്റ് എന്നിവ പ്രിന്റ് എടുത്ത് അനുവദിച്ച സമയത്ത് വരണാധികാരിക്ക് നേരില്‍ സമര്‍പ്പിക്കണം. നാമനിര്‍ദേശ പത്രിക നേരില്‍ ഹാജരായി സത്യപ്രതിജ്ഞ ചൊല്ലി റിട്ടേണിംഗ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.

ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവരെ ആബ്‌സന്റീ വോട്ടര്‍മാരായി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവര്‍, അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ടു ചെയ്യാന്‍ കഴിയുക.
ആദ്യത്തെ നാലു വിഭാഗങ്ങളിലുള്ളവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാം. അവശ്യ സേവന വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക വോട്ടിംഗ് കേന്ദ്രം സജ്ജമാക്കും.
80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവര്‍ എന്നിവര്‍ തപാല്‍ വോട്ടു ചെയ്യുന്ന വിധം താഴെകൊടുത്തിരിക്കുന്നു.
തപാല്‍ വോട്ടു ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വോട്ടര്‍ വരണാധികാരിയെ അറിയിക്കുന്നതാണ് ആദ്യ പടി. ഇതിനായി 12 ഡി എന്ന ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഈ ഫോറം മാര്‍ച്ച് 17നു മുന്‍പ് ഇത്തരം വോട്ടര്‍മാര്‍ക്ക് എത്തിച്ചു നല്‍കി പൂരിപ്പിച്ച് തിരികെ വാങ്ങും.
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം കൂടി ഇതോടൊപ്പം നല്‍കേണ്ടതാണ്. കോവിഡ് രോഗികളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റയിനില്‍ കഴിയുന്നവരും അതു സംബന്ധിച്ച് നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള സാക്ഷ്യപത്രവും 12 ഡി ഫോറത്തിനൊപ്പം ബി.എല്‍.ഒയെ ഏല്‍പ്പിക്കേണ്ടതുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഫോറം 12 ഡി സമര്‍പ്പിച്ചവര്‍ക്ക് വരണാധികാരി തപാല്‍ ബാലറ്റ് പേപ്പര്‍ അനുവദിക്കും. ഇതോടൊപ്പം വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരിനു നേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ പി.ബി എന്ന് മാര്‍ക്ക് ചെയ്യും. ഇത്തരത്തില്‍ മാര്‍ക്ക് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ടു ചെയ്യാനാവില്ല.
തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ പക്കലെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പറും ഫോറം 13 എയിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കുന്നതാണ്.
സ്വകാര്യത ഉറപ്പാക്കി വോട്ടു ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. പോസ്റ്റല്‍ ബാലറ്റില്‍ ആരുടെയും സ്വാധീനത്തിന് വിധേയമല്ലാതെതന്നെ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ടു ചെയ്യാം.
പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ കഴിയൂ. ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും കൈപ്പറ്റി പിന്നീട് നേരിട്ടോ ദൂതന്‍മുഖേനയോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാന്‍ കഴിയില്ല.
തപാല്‍ ബാലറ്റ് പേപ്പര്‍ മടക്കി 13 ബി എന്ന ചെറിയ കവറില്‍ ഇട്ട് ഒട്ടിച്ച് കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കണം.
13എയിലുളള സത്യപ്രസ്താവന പൂരിപ്പിച്ച് വീട്ടിലെത്തുന്ന പോളിംഗ് ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം. തപാല്‍ ബാലറ്റ് അടങ്ങിയ 13ബി എന്ന കവറും 13എ എന്ന സത്യപ്രസ്താവനയും 13സി എന്ന വലിയ കവറില്‍ ഇട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം.
ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ വോട്ടു ചെയ്യുമ്പോള്‍ 13എയിലുള്ള സത്യപ്രസ്താവന അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് സാക്ഷ്യപ്പെടുത്താവുന്നതാണ്.
പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ വോട്ടര്‍മാര്‍ പേന, കവറുകള്‍ ഒട്ടിക്കുന്നതിനുള്ള പശ, വോട്ടു ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതിവയ്ക്കണം.
മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വോട്ടു ചെയ്ത ശേഷം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചീകരിക്കണം. അന്ധര്‍ക്കും വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ടു ചെയ്യാവുന്നതാണ്.

അവശ്യ സേവന വിഭാഗങ്ങളിലെ ആബ്‌സന്റി വോട്ടര്‍മാര്‍ക്കുള്ള ക്രമീകരണങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാരെ ആബ്‌സെന്റീ വോട്ടര്‍മാരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ആരോഗ്യം, പോലീസ്, അഗ്‌നിരക്ഷാ സേന, ജയില്‍, എക്‌സൈസ്, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ട്രഷറി, വനം, വ്യോമഗതാഗതം, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെയും ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, തപാല്‍, കെ.എസ്.ആര്‍.ടി.സി എന്നീ സ്ഥാപനങ്ങളിലെയും മില്‍മ, ആംബുലന്‍സ് സര്‍വീസ് എന്നിവിടങ്ങളിലെയും ജീവനക്കാര്‍, തിരഞ്ഞെടുപ്പ് കവറേജിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ നിയോഗിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഈ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ജോലി ചെയ്യേണ്ടിവരുന്നതുമൂലം പോളിംഗ് ബൂത്തില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
ആദ്യ പടിയായി ഇത്തരം ഓഫീസുകളില്‍ ഒരു നോഡല്‍ ഓഫീസറെ നിശ്ചയിക്കണം. തപാല്‍ ബാലറ്റ് മുഖാന്തിരം വോട്ടു ചെയ്യാന്‍ താത്പര്യമുള്ള ജീവനക്കാരുടെ 12 ഡി ഫോറം നോഡല്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷം അതത് ജീവനക്കാര്‍തന്നെ അതത് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍നിന്നും 12 ഡി ഫോറം ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്നും സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഫോറം ലഭ്യമാക്കും. ഈ ഫോറം കൃത്യമായി പൂരിപ്പിച്ച് മാര്‍ച്ച് 17ന് മുന്‍പ് സമര്‍പ്പിക്കണം.
മാര്‍ച്ച് 17ന് ശേഷം ഇത്തരം അപേക്ഷകള്‍ പരിശോധിക്കുന്ന വരണാധികാരി സ്വീകാര്യമായ ഫോറങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പട്ടിക തയ്യാറാക്കും. തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന മുറയ്ക്ക് വോട്ടര്‍ പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ ഇവരുടെ പേരിനു നേര്‍ക്ക് പി.ബി. എന്ന് മാര്‍ക്ക് ചെയ്യും.
ഇങ്ങനെ രേഖപ്പെടുത്തിയശേഷം ഈ വിഭാഗത്തില്‍ പെടുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനാവില്ല.
ഓരോ മണ്ഡലത്തിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ണയിക്കുന്ന ഒരു കേന്ദ്രത്തില്‍ തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഇവര്‍ക്കായി ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് മൂന്നു ദിവസം മുന്‍പ് വോട്ടിംഗ് പൂര്‍ത്തിയാകുന്ന രീതിയില്‍ തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഇതേ കേന്ദ്രത്തില്‍ വോട്ടിംഗ് സൗകര്യമുണ്ടാകും.
12 ഡി ഫോറത്തില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് വോട്ടിംഗ് കേന്ദ്രം സംബന്ധിച്ച വിവരം ഫോണില്‍ മെസേജായി ലഭിക്കും. ഫോണ്‍ നമ്പര്‍ കുറിക്കാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന അറിയിപ്പ് നല്‍കും. ഇതിനു പുറമെ അതത് സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ വഴിയും മാധ്യമങ്ങളിലൂടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയും വോട്ടിംഗ് കേന്ദ്രം, വോട്ടിംഗ് ദിവസം സമയം എന്നിവ സംബന്ധിച്ച അറിയിപ്പു നല്‍കും.
ഇതോടൊപ്പംതന്നെ സ്ഥാനാര്‍ഥികള്‍ക്കും വോട്ടിംഗ് സംബന്ധിച്ച വിവരം നല്‍കും. എല്ലാ തപാല്‍ വോട്ടിംഗ് കേന്ദ്രത്തിലും നിയോഗിക്കുന്ന ഗസറ്റഡ് ഓഫീസര്‍ക്കായിരിക്കും 13 എയിലുള്ള വോട്ടറുടെ സത്യ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന്റെ ചുമതല.
സ്വകാര്യത ഉറപ്പാക്കി സജ്ജമാക്കുന്ന ബൂത്തില്‍ തപാല്‍ വോട്ടു രേഖപ്പെടുത്തിയശേഷം 13 ബി എന്ന കവറിലിട്ട് ഒട്ടിച്ചശേഷം കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. തുടര്‍ന്ന് ഈ കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറില്‍ ഇട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി പോളിംഗ് ബൂത്തില്‍ സജ്ജമാക്കിയിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും.

നിയമസഭാ തെരഞ്ഞെടുപ്പ്:
ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ
വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍ തീരുമാനിച്ചു. വിതരണം, സ്വീകരണ കേന്ദ്രങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ചുവടെ:

തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.
റാന്നി- റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള- പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്.
കോന്നി – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍.
അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

നിയമസഭാ തെരഞ്ഞെടുപ്പ്:
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചുവടെ: നിയോജക മണ്ഡലം, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍

തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.
റാന്നി- റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള- പത്തനംതിട്ട കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂള്‍ ( സി.ബി.എസ്.സി).
കോന്നി – പത്തനംതിട്ട മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി.
അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

നിയമസഭാ തെരഞ്ഞെടുപ്പ്:
ഇന്നുകൂടി (മാര്‍ച്ച് 9) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നിരിക്കെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മാര്‍ച്ച് 9 വരെ(ഇന്ന് വരെ) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ല്‍ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കല്‍ തുടരാവുന്നതാണ്.
മാര്‍ച്ച് 9 ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

error: Content is protected !!