തിരുവല്ല നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ല മണ്ഡലത്തിലെ കളക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രമീകരണങ്ങളും മണ്ഡലത്തിലെ പ്രശ്‌നബാധിത ബൂത്തുകളും അദ്ദേഹം സന്ദര്‍ശിച്ചു. റാംപ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ അവ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. നിലവിലുള്ള 208 ബൂത്തുകള്‍ക്ക് പുറമെ 103 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 313 ബൂത്തുകളാണ് തിരുവല്ല നിയോജകമണ്ഡലത്തില്‍ നിലവിലുള്ളത്.
തിരുവല്ല ആര്‍ഡിഒ പി.സുരേഷ്, അഡീഷണല്‍ എസ്പി എന്‍. രാജന്‍, എസിപി ഡോ. എസ് സുനീഷ് ബാബു, തിരുവല്ല തഹസില്‍ദാര്‍ ഡി.സി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ്: വെബ്കാസ്റ്റിംഗ് നോഡല്‍ ഓഫീസറെ നിയമിച്ചു
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തുന്ന വൈബ്കാസ്റ്റിംഗ് പ്രക്രിയ ഏകോപിപ്പിക്കുന്നതിനായി വെബ്കാസ്റ്റിംഗ് നോഡല്‍ ഓഫീസറെ നിയമിച്ച് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. പത്തനംതിട്ട പി.ഡബ്ല്യൂ.ഡി ഇലക്ട്രോണിക്സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്.ആര്‍. ജയചന്ദ്രനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്.
ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകള്‍ അടക്കം ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ 50 ശതമാനം പോളിംഗ് സ്റ്റേഷനുകളിലെങ്കിലും വെബ്കാസ്റ്റിംഗ് നടത്തണം എന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും മൊബൈല്‍ കണക്ടുവിറ്റി ഉറപ്പാക്കുക, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കുക വൈബ്കാസ്റ്റിംഗ് നോഡല്‍ ഓഫീസറുടെ ചുമതലയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രശ്നബാധിത പ്രദേശങ്ങളിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.