Trending Now

സ്വീപ് വോട്ടര്‍ ബോധവത്ക്കരണ പരിപാടി: ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും: ജില്ലാ കളക്ടര്‍

ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 10,36,488 വോട്ടര്‍മാരാണ് പത്തനംതിട്ട ജില്ലയിലുള്ളത് . ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്‍മാരും നാല് ട്രാന്‍സ് ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും. ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,09,218 സ്ത്രീകളും 99,490 പുരുഷന്‍മാരും ഉള്‍പ്പടെ 2,08,708 വോട്ടര്‍മാരും, അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,08,567 സ്ത്രീകളും 95,168 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,0,3737 വോട്ടര്‍മാര്‍ ഉണ്ട്.
കോന്നി നിയോജക മണ്ഡലത്തില്‍ 1,05,769 സ്ത്രീകളും 94,441 പുരുഷന്‍മാരും ഉള്‍പ്പെടെ 2,00,210 വോട്ടര്‍മാരും റാന്നി നിയോജക മണ്ഡലത്തില്‍ 98,451 സ്ത്രീകളും 92,016 പുരുഷന്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 1,90,468 വോട്ടര്‍മാരുമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിലാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കേണ്ടവര്‍ക്ക് നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് ഒന്‍പത് വരെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയില്‍ ഉള്ളത് 1530 ബൂത്തുകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1077 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453 ഓക്സിലറി ബൂത്തുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഏഴു സ്ഥലങ്ങളില്‍ താല്‍ക്കാലിക ബൂത്തുകളും സജ്ജമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ പ്രത്യേകം ക്യൂ ഉണ്ടായിരിക്കും. തറയില്‍ പ്രത്യേകം മാര്‍ക്കുകള്‍ അടയാളപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളില്‍ പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തും. പോളിംഗ് സ്റ്റേഷനിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം കവാടം ഒരുക്കും. എന്‍സിസി, എന്‍എസ്എസ്, സിവില്‍ ഡിഫന്‍സ് എന്നീ വോളണ്ടിയര്‍മാരുടെ സേവനവും ഉണ്ടാകും.

കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ 171 പ്രശ്നബാധിത ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം (എസ് എസ് ടി), ഫ്ളൈയിംഗ് സ്‌ക്വാഡ് (എഫ്.എസ്), ആന്റി ഡീ ഫെയ്സ്മെന്റ് സ്‌ക്വാഡ് (എ ഡി എസ് ), വീഡിയോ സര്‍വെയ്ലന്‍സ് ടീം (വി എസ് ടി), വീഡിയോ വ്യൂയിംഗ് ടീം (വിവിടി) എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. ആകെ 45 ടീമുകളെയാണ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനായി ഇത്തവണ ജില്ലയില്‍ 2054 ബാലറ്റ് യൂണിറ്റും 2015 കണ്‍ട്രോള്‍ യൂണിറ്റും 2170 വിവിപാറ്റ് മെഷീനുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് ജില്ലയില്‍ 10 സ്ഥലങ്ങളാണ് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജ്.
റാന്നി നിയോജക മണ്ഡലം:- റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം.
കോന്നി നിയോജക മണ്ഡലം:- കോന്നി മാര്‍ക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍ നിയോജക മണ്ഡലം:-അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.
നിലവില്‍ ജില്ലയില്‍ 80 വയസിന് മുകളിലുള്ള 38,696 പേരും, ഭിന്നശേഷിക്കാരായ 14,671 പേരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായിട്ടുള്ള ആളുകള്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വനമേഖലയിലുള്ളവര്‍ക്ക് വേണ്ടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്.

സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ്

80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എത്തിക്കും. വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബി എല്‍ ഒമാര്‍ മുഖേന വീടുകളില്‍ എത്തിച്ച് അവ പൂരിപ്പിച്ച് തിരികെ വാങ്ങും. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പ്രത്യേകം പോളിംഗ് ഓഫീസര്‍ മുഖേന വോട്ടര്‍മാര്‍ക്ക് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെട്ട കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.
എഡിഎം ഇ.മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീപ് വോട്ടര്‍ ബോധവത്ക്കരണ പരിപാടി: ലോഗോ പ്രകാശനം ചെയ്തു

സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന സ്വീപ് (സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പരിപാടിയുടെ ലോഗോ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രകാശനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ബി. ശ്രീബാഷാണ്. വോട്ടര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കും.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ.മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, എഡിസി ബി. ശ്രീബാഷ്, ലോഗോ രൂപകല്‍പ്പന ചെയ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ്
പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണം: ജില്ലാ കളക്ടര്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഇലക്ഷന്‍ പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കുന്നു എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഉറപ്പുവരുത്തണം. നോമിനേഷന്‍ നല്‍കാന്‍ റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറില്‍ സ്ഥാനാര്‍ഥി എത്തുമ്പോള്‍ കൂടെ രണ്ടുപേരില്‍ കൂടാന്‍ പാടില്ല. നോമിനേഷന്‍ നല്‍കാന്‍ എത്തുമ്പോള്‍ രണ്ടു വാഹനത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുയോഗങ്ങള്‍ നടത്താന്‍ ജില്ലാഭരണകേന്ദ്രം സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ച 10 സ്ഥലങ്ങള്‍ക്ക് പുറമേ റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ്, ആറന്മുള നിയോജക മണ്ഡലത്തില്‍ കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വണ്ടിപേട്ട എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താനായി അനുവദിക്കുന്ന കാര്യം പരിശോധിക്കും.

വീടുകയറിയുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് അനുമതി. സ്ഥാനാര്‍ഥികളുടെ റോഡ് ഷോയില്‍ ഒരു സമയം അഞ്ചു വാഹനങ്ങള്‍ മാത്രമേ അനുവദിക്കു. പ്രചാരണ യോഗങ്ങളില്‍ ഇന്‍ഡോര്‍ യോഗങ്ങളില്‍ 100 പേരും ഔട്ട്‌ഡോര്‍ യോഗങ്ങളില്‍ 200 പേരിലും കൂടാന്‍ പാടില്ല. പോളിംഗ് സ്റ്റേഷനുകളിലും കൗണ്ടിംഗ് സെന്ററുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാര്‍ക്കും, 80 വയസിന് മുകളിലുള്ളവര്‍ക്കും, ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് രോഗികള്‍ക്കും, കോവിഡ് സംശയത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും, പോസ്റ്റല്‍ ബാലറ്റിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.

ബി.എല്‍.ഒമാര്‍ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ വീട്ടിലെത്തി സ്വീകരിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറും. റിട്ടേണിംഗ് ഓഫീസറാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നത്. പോസ്റ്റല്‍ വോട്ട് വീടുകളില്‍ ചെന്ന് സമിതിദായകരില്‍ നിന്ന് വോട്ട് ചെയ്ത് സ്വീകരിക്കുന്നതിന് 300 ടീമുകളെ നിയോഗിക്കും.

രാഷ്ട്രീയ പാര്‍ട്ടികളെ പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുന്ന പ്രദേശങ്ങളെകുറിച്ച് മുന്‍കൂട്ടി അറിയിക്കും. കോവിഡ് പോസിറ്റീവായ ആളുകളുടെ ലിസ്റ്റ് തയാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ.എ.എല്‍ ഷീജയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കും. സ്‌പെഷ്യല്‍ ബാലറ്റ് ഓഫീസര്‍മാര്‍ക്കും ബി.എല്‍.ഒമാര്‍ക്കും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് നിരീക്ഷണവും പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പോളിംഗ് ബൂത്തുകളില്‍ ശരീരിക അകലം പാലിക്കാന്‍ മാര്‍ക്കിംഗ് നടത്തും. ശാരീരിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് പാരാമിലിറ്ററി ഫോഴ്‌സിനൊപ്പം എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സുതാര്യവും സംഘര്‍ഷരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഒരു പാര്‍ട്ടിയുടെ പ്രചാരണ പരിപാടി നടക്കുന്ന സ്ഥലത്തുകൂടി മറ്റൊരുപാര്‍ട്ടിയും അതേസമയം പ്രചാരണം നടത്താന്‍ പാടുള്ളതല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂട്ടി അനൗന്‍സ്‌മെന്റിനുള്ള അനുമതി വാങ്ങുകയും ഓരോ ദിവസത്തെയും പ്രചാരണ പരിപാടിയുടെ ചാര്‍ട്ട് പോലീസിന് നല്‍കുകയും വേണം. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി. നായര്‍, അഡ്വ. വി.ആര്‍. സോജി, അലക്‌സ് കണ്ണമല, ആര്‍. ജയകൃഷ്ണന്‍, വാളകം ജോണ്‍, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഡി.എം.ഒ ( ആരോഗ്യം) ഡോ. എ.എല്‍. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുസ്ഥലങ്ങളിലെ 666 പോസ്റ്ററുകളും ബാനറുകളും ആന്റിഡിഫേയ്സ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പ്് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ ആന്റിഡിഫേയ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. 443 പോസ്റ്ററുകള്‍, 46 ബാനറുകള്‍ 177 കൊടികള്‍ എന്നിവയാണ് ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം നീക്കം ചെയ്തിട്ടുള്ളത്.

ആറന്മുള മണ്ഡലത്തില്‍ 125 പോസ്റ്ററുകള്‍, ഏഴു ബാനറുകള്‍ 20 കൊടികള്‍ എന്നിവയും, തിരുവല്ല മണ്ഡലത്തില്‍ 85 പോസ്റ്ററുകള്‍, 25 ബാനറുകള്‍ 128 കൊടികള്‍ എന്നിവയും, കോന്നി മണ്ഡലത്തില്‍ 45 പോസ്റ്ററുകള്‍, മൂന്നു ബാനറുകള്‍ എന്നിവയും, റാന്നി മണ്ഡലത്തില്‍ 113 പോസ്റ്ററുകള്‍, ഏഴ് ബാനറുകള്‍ 17 കൊടികള്‍ എന്നിവയും,
അടൂര്‍ മണ്ഡലത്തില്‍ 75 പോസ്റ്ററുകള്‍, നാല് ബാനറുകള്‍, 12 കൊടികള്‍ എന്നിവയും നീക്കം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ തുടങ്ങിയവയാണ് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാക്സിന്‍ എടുക്കണം- ഡി.എം.ഒ

ആദ്യഡോസ് വാക്സിന്‍ ഇതുവരെ എടുത്തിട്ടില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് പോസ്റ്റ് ചെയ്യപ്പെടാവുന്ന എല്ലാ ഉദ്യോഗസ്ഥരും ഐഡന്റിറ്റി തെളിയിക്കുന്ന രേഖയുമായി എത്രയും പെട്ടെന്ന് തൊട്ടടുത്തുളള വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിഡ് വാക്സിന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മാര്‍ച്ച് മൂന്ന് വരെ ഇവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരനാണ് എന്നുളള ഓഫീസ് മേലധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇവര്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം.

error: Content is protected !!