Trending Now

കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ പദവിയിലേക്ക്.. ?

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ജനകീയമുഖം കെ സുധാകരന്‍ എം പി കെ പി സി സി അധ്യക്ഷ പദവിയിലേക്ക്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നടത്തും. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മൂന്നോളം പ്രീ പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചതോടെയാണ് നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ പി സി സി ഭാരവാഹികള്‍ തല്‍സ്ഥാനം രാജിവെക്കണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചുകഴിഞ്ഞു. യു ഡി എഫിന് മേല്‍ക്കൈയുള്ള വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രനോട് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയരാന്‍ സാധ്യതയുള്ള ഗ്രൂപ്പ് സമവാക്യങ്ങളും അടിയൊഴുക്കുകളും കാലേകൂട്ടി തിരിച്ചറിഞ്ഞാണ് സുധാകരനെ പാര്‍ട്ടി പ്രസിഡന്റായി നിയോഗിക്കാന്‍ ദേശീയ നേതൃത്വം അടിയന്തിരമായി ഇടപെടല്‍ നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിയോഗിയായി പ്രതിപക്ഷത്തെ നയിക്കാന്‍ സുധാകരന്റെ നേതൃത്വത്തിന് കഴിയുമെന്ന സ്വകാര്യ ഏജന്‍സിയുടെ നിര്‍ദേശവും ഹൈക്കമാന്‍ഡിന് കേരളത്തില്‍ പുതിയ അധ്യക്ഷനെ തേടാന്‍ പ്രേരിപ്പിച്ച മുഖ്യഘടകം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ഐശ്വര്യകേരള യാത്രക്ക് സ്വീകരണ യോഗങ്ങളില്‍ അപ്രതീക്ഷിത വരവേല്‍പ്പ് ലഭിച്ചത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുന്നതിലൂടെ പരമ്പരാഗതമായി യു ഡി എഫിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന ആശങ്കയും സുധാകരനെ തിരക്കിട്ട് സംസ്ഥാന അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡിനെ നിര്‍ബന്ധിപ്പിച്ച കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫും കോണ്‍ഗ്രസും പരാജപ്പെട്ടത്തോടെ വിവിധ ജില്ലകളില്‍ കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ സുധാകരനെ അധ്യക്ഷനാക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നു ഗ്രൂപ്പു വ്യത്യാസമില്ലാതെ ചില നേതാക്കളുടെ ഇടപെടലും ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള മറ്റൊരു നേതാവും ചേര്‍ന്ന് ഇതു അട്ടിമറിക്കുകയായിരുന്നു. പിന്നീട് ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് നടത്തിയ സര്‍വേയും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെ അദ്ദേഹം നേരിട്ടു നടത്തിയ അന്വേഷണങ്ങളും പ്രസിഡന്റ് പദവി സുധാകരനെ ഏല്‍പ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു.

error: Content is protected !!