Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍
നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് ഇറക്കി.

അമിതമായ പ്രചാരണച്ചെലവുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്നോ അതിലധികമോ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കുള്ള ഹാന്‍ഡ് ബുക്കില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈയിംഗ് ക്വാഡ് രൂപീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ഥാനാര്‍ഥികള്‍ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധ കൈവശംവയ്ക്കുക, മദ്യം വിതരണം നടത്തുക, സമൂഹ്യദ്രോഹ നടപടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനുവേണ്ടിയാണു നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചത്. ടീമിന്റെ തലവനായി എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റും കൂടാതെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്.

തിരുവല്ല നിയമസഭാ നിയോജക മണ്ഡലത്തില്‍ എല്‍ആര്‍ തഹസിദാര്‍ കെ.എം മുരളീധരന്‍പിള്ളയും റാന്നിയില്‍ എല്‍ആര്‍ തഹസിദാര്‍ ഒ.കെ ഷൈല, ആറന്മുളയില്‍ എല്‍ആര്‍ തഹസിദാര്‍ മിനി കെ.തോമസ്, കോന്നിയില്‍ എല്‍ആര്‍ തഹസിദാര്‍ ആര്‍.സുരേഷ്‌കുമാര്‍, അടൂരില്‍ എല്‍ആര്‍ തഹസിദാര്‍ കെ.ഷാജഹാന്‍ റാവൂത്തര്‍ എന്നിവരെ സ്‌ക്വാഡുകളുടെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചു.

ഓരോ ടീമും അവരുടെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ തുടരുകയും ചെയ്യും.

ഫ്‌ളൈയിംഗ് സ്‌ക്വാഡുകളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും

മാതൃക പെരുമാറ്റച്ചട്ട ലംഘനങ്ങളും അനുബന്ധ പരാതികളും ശ്രദ്ധിക്കല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മദ്യം, ആയുധങ്ങള്‍, വെടിമരുന്ന്, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം കൈവശം വയ്ക്കല്‍ എന്നിവ സംബന്ധിച്ച എല്ലാത്തരം പരാതികളും പരിശോധിക്കല്‍, സ്ഥാനാര്‍ത്ഥി, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചെലവ് അനുബന്ധ എല്ലാ പരാതികളും പരിശോധിക്കല്‍ എന്നിവ ഈ സ്‌ക്വാഡുകളുടെ ചുമതലയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വീഡിയോ നിരീക്ഷണ ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ/സ്ഥാനാര്‍ഥികളുടെ പ്രധാന റാലികള്‍, പൊതുയോഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മറ്റ് പ്രധാന ചെലവുകള്‍ സംബന്ധിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യണം. സ്റ്റാറ്റിക് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനവും നടപടികളും നിരീക്ഷിക്കുക.
പണത്തിന്റെ വിതരണത്തെക്കുറിച്ചോ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചോ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബലപ്രയോഗം നടത്തുന്നതിനെക്കുറിച്ചോ പൊതുജനങ്ങനെ ബോധവല്‍ക്കരിക്കാന്‍ ഓരോ ഫ്‌ളൈയിംഗ് സ്‌ക്വാഡും പൊതു അനൗണ്‍സ്‌മെന്റ് നടത്തണം. ഇതുസംബന്ധിച്ച് ലഘുലേഖകളും വിതരണം ചെയ്യണം. വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി നിരീക്ഷണ സെല്ലില്‍ അറിയിക്കാന്‍ ലഘുലേഖയിലൂടെ അഭ്യര്‍ത്ഥിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ്: കോവിഡ് സാഹചര്യത്തില്‍ പൊതുയോഗങ്ങള്‍ക്കായി
സ്ഥലങ്ങള്‍ നിശ്ചയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ 10 സ്ഥലങ്ങള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജില്ലാ ഭരണകേന്ദ്രം നിശ്ചയിച്ചു. പൊതുയോഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ച് ഈ സ്ഥലങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും ജില്ലാഭരണകേന്ദ്രം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചു.

നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പൊതുയോഗങ്ങള്‍ നടത്തേണ്ട സ്ഥലങ്ങള്‍ ചുവടെ:

തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജ്.
റാന്നി നിയോജക മണ്ഡലം:- റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം.
കോന്നി നിയോജക മണ്ഡലം:- കോന്നി മാര്‍ക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍ നിയോജക മണ്ഡലം:-അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.

ഈ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണു യോഗങ്ങള്‍ നടക്കുന്നതെന്ന് അതാത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. കോവിഡ് പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും.

നിയമസഭാ തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍
കോവിഡ് വാക്‌സിനേഷന് പേര് രജിസ്റ്റര്‍ ചെയ്യണം

പത്തനംതിട്ട ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കോവിഡ് മുന്നണി പ്രവര്‍ത്തകരായി പരിഗണിച്ച് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ പൂര്‍ത്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി നിശ്ചിത മാതൃക കൈമാറുന്നതിനായി [email protected] എന്ന ഇ- മെയിലിലേക്ക് അപേക്ഷ അപേക്ഷ അയക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2320940.