Trending Now

മത്തിയ്ക്ക് ക്ഷാമം : കിലോ മുന്നൂറ് രൂപ

 

കോന്നി വാര്‍ത്ത : മത്തി വില പിന്നേയും കൂടി .ഇന്ന് 300 രൂപ വിലയെത്തി . 120 രൂപയ്ക്കു ഒരു കിലോ മത്തി ലഭിച്ചിരുന്ന സ്ഥലത്തു ഇന്ന് 300 രൂപയാണ് വില . കടല്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വിഭവമാണ് മത്തി . പൊടി മത്തി കിട്ടാനുമില്ല .
ഇന്നലെ 280 രൂപയായിരുന്നു വില .

കേരളീയരുടെ ഇഷ്ട മല്‍സ്യമായ മത്തിയ്ക്ക് വലിയ ക്ഷാമം നേരിട്ടതോടെ ചെറുകിട മല്‍സ്യ വ്യാപാരികള്‍ ആണ് വിഷമിക്കുന്നത് .മുന്‍ വര്‍ഷത്തേക്കാള്‍ മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചത്.

എല്‍നിനോ പ്രതിഭാസത്തിന് ശേഷം കേരളത്തില്‍ മത്തി ലഭ്യതയില്‍ കുറവുണ്ടാകുമെന്നുള്ള പ്രവചനം നേരത്തെ ഉണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനവും മല്‍സ്യബന്ധന രീതിയില്‍ വന്ന മാറ്റങ്ങളുമാണ് മല്‍സ്യ ലഭ്യതയില്‍ കുറവുണ്ടാക്കിയത്.

ലഭ്യതയില്‍ തകര്‍ച്ച നേരിടുന്ന കാലയളവില്‍ മല്‍സ്യ ബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം 10സെ.മിയില്‍ നിന്നും 15 സെ.മി ആയി ഉയര്‍ത്തുന്നതും ഒരു പരിധി വരെ ഗുണകരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അശാസ്ത്രീയമായ മല്‍സ്യ ബന്ധനം മൂലം ചെറിയ മത്തികള്‍ പോലും വലയിലാകുന്നു .
പ്രായം തികഞ്ഞു മുട്ട ഇട്ടു പെരുകാന്‍ ഉള്ള സമയം ലഭിക്കുന്നില്ല . മല്‍സ്യ ഇനമായ മത്തിയെ കൂട്ടത്തോടെ പിടിക്കുന്നതിനാല്‍ മുട്ട ഇട്ടു പെരുകല്‍ നടക്കുന്നില്ല .