Trending Now

അട്ടച്ചാക്കല്‍‍- കുമ്പളാംപൊയ്ക റോഡ് നാടിന് സമര്‍പ്പിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 17 കോടി രൂപ ചെലവഴിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിച്ച അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ, അട്ടച്ചായ്ക്കല്‍ ജംഗ്ഷനില്‍ ആരംഭിച്ച് ചെങ്ങറ ഹാരിസണ്‍ എസ്റ്റേറ്റിലൂടെ പുതുക്കുളം, തലച്ചിറ വഴി കുമ്പളാംപൊയ്കയില്‍ എത്തിച്ചേരുന്ന റോഡാണിത്.

13 കിലോ മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമുള്ള റോഡ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായേക്കാവുന്ന വാഹന പെരുപ്പവും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിവിധയിടങ്ങളില്‍ സംരക്ഷണ ഭിത്തിയും 2145 മീറ്ററില്‍ ഓടയും 8038 മീറ്റര്‍ ഐറിഷ് റോഡയും നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത കുറയ്ക്കാന്‍ ക്രാഷ് ബാരിയറും റോഡ് മാര്‍ക്കിങ്ങുകളും സീബ്രലൈനുകളും രാത്രികാല അപകടം കുറയ്ക്കാന്‍ റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്.

മലയാലപ്പുഴ ക്ഷേത്രത്തിലേക്കും റാന്നി ഭാഗങ്ങളില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളജിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണിത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന റോഡ് ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗവി, അടവി, ആനക്കൂട് എന്നിവടങ്ങളില്‍ എത്തിച്ചേരാനും ഏറെ ഗുണം ചെയ്യുന്നതാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡ്.

അട്ടച്ചാക്കല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാഹുല്‍ വെട്ടൂര്‍, സുജാത അനില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു പുതുക്കളം, തുളസി മോഹന്‍, ജോയിസ് എബ്രഹാം, രജനീഷ് മുക്കുഴി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സി.എന്‍ജിനീയര്‍ എസ്. റസീന ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം എസ് ഗോപിനാഥന്‍, എ.കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.