കോന്നി വാര്‍ത്ത : നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.
6 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള കടുത്ത – ഇളമണ്ണൂർ റോഡ്, 9 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 12.2 കി.മി ദൈർഘ്യമുള്ള ചന്ദനപ്പള്ളി – കോന്നിറോഡ്, 7.17 കോടി വിനിയോഗിച്ച് നിർമ്മിക്കുന്ന പൂങ്കാവ് – പത്തനംതിട്ട റോഡ് എന്നീ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത് .
ബി എം ആൻഡ് ബിസി നിലവാരത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന എല്ലാ റോഡുകളിലും സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകൾ, ക്രാഷ് ബാരിയർ, റോഡ് സ്റ്റഡ്, ദിശാ സൂചിക ബോർഡുകൾ തുടങ്ങിയവയും സ്ഥാപിക്കും.
പൂങ്കാവ് – പത്തനംതിട്ട റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി ആയിരം മീറ്റർ നീളത്തിൽ ഓട, 5 ക്രോസ് ഡ്രെയിനുകൾ, 5 പൈപ്പ് കൾവർട്ട്, രണ്ട് സ്ലാബ് കൾവർട്ട് ,2830 മീറ്റർ നീളത്തിൽ ഐറിഷ് ഡ്രെയിനും നിർമ്മിക്കും. കൂടാതെ 850 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും 300 മീറ്റർ നീളത്തിൽ കോമ്പൗണ്ട് വാളും നിർമ്മിക്കും. കാൽനടയാത്രക്കാർക്കായി 640 മീറ്റർ നീളത്തിൽ നടപ്പാതയും ഒരുക്കും.
കടുത്ത – ഇളമണ്ണൂർ റോഡിൽ കലുങ്കുകൾ, സംരക്ഷണ ഭിത്തികൾ, ഓടകൾ, ട്രാഫിക് സേഫ്റ്റി പ്രവർത്തികൾ, സ്റ്റഡ്സ്, ക്രാഷ് ബാരിയർ തുടങ്ങിയവയും സ്ഥാപിക്കും.
ശബരി ഉത്സവം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചന്ദനപ്പള്ളി കോന്നി റോഡ് പുനരുദ്ധരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഒരു പൈപ്പ് കൾവർട്ടും 9600 മീറ്റർ നീളത്തിൽ ഓടയും നിർമ്മിക്കും. കൂടാതെ 40 ക്രോസ് ഡ്രെയിനുകളും 6000 മീറ്റർ നീളത്തിൽ ഐറിഷ് ഡ്രെയിനും നിർമ്മിക്കും. മുന്നറിയിപ്പ് ബോർഡുകൾ, ക്രാഷ് ബാരിയർ, ദിശാ സൂചിക ബോർഡുകൾ, റോഡ് സ്റ്റഡ് മുതലായവയും സ്ഥാപിക്കും.
വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു