Trending Now

കോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം)പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

 

കിഫ്ബി ധനസഹായത്തോടെ ആശുപത്രികളില്‍
2200 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമായി

പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായത്. ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനായാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി.

44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത്‌ലാബുകള്‍ എന്നിവ സ്ഥാപിക്കാനായി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായതായും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസന നിരവധി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജീകരിച്ചതും മികച്ച ചികിത്സ ഉറപ്പാക്കാന്‍ വഴിതെളിച്ചു.

കിഫ്്ബിയിലൂടെ പണം ലഭ്യമായത് ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 15 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലുള്ള റോഡുകളുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയ പദ്ധതികള്‍.

ഇതിനു പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ജനറല്‍ ആശുപത്രി, വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആശുപത്രികള്‍, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കായംകുളം താലൂക്ക് ആശുപത്രികള്‍, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം), മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് (സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്), പാലക്കാട് ജില്ലാ ആശുപത്രി, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികള്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികള്‍, കോഴിക്കോട് ജനറല്‍ (ബീച്ച്) ആശുപത്രി, കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, നാദാപുരം (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍, കണ്ണൂര്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി ഉര്‍ത്തുന്ന പദ്ധതി (രണ്ടാം ഘട്ടം), കാസര്‍ഗോഡ് ബേഡഡുക്ക, നീലേശ്വരം, മംഗല്‍പാടി, പനത്തടി (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം നടന്നത്.