Trending Now

ചിറ്റാര്‍ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിര്‍മ്മാണം: എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതലതല സംഘം സ്ഥലം സന്ദര്‍ശിച്ചു

 

ചിറ്റാറില്‍ പുതിയതായി അനുവദിച്ച സ്പെഷ്യാലിറ്റി ജില്ലാആശുപത്രിയുടെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മലയോരമേഖലയുടെ സ്വപ്ന പദ്ധതിയായ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിര്‍മ്മാണത്തിന് ആദ്യഘട്ടത്തില്‍ 4.51 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.

എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമായ ശേഷം ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ ഭൂമിയില്‍ രണ്ട് ഏക്കര്‍ സ്ഥലത്താണ് സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണം നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നതെന്ന് ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഏകദേശം 250 ഓളം ആര്യോഗ്യവകുപ്പ് ജീവനക്കാര്‍ ചിറ്റാര്‍ സ്പെഷ്യാലിറ്റി ജില്ലാആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായി വരും. വിവിധ വിഭാഗങ്ങളുടെ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ഉള്‍പ്പെടുത്തിയാകും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുക. വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ഐസിയുവും ആശുപത്രിയില്‍ ഒരുക്കുമെന്നും അവര്‍ വ്യക്തമാക്കി.

അഡ്വ. കെയു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചിറ്റാറിലെ സ്പെഷ്യാലിറ്റി ജില്ലാആശുപത്രിയുടെ ആവശ്യകത പഠിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചത്. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചിറ്റാര്‍ കേന്ദ്രീകരിച്ച് സ്പെഷ്യാലിറ്റി ജില്ലാആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആശുപത്രിക്ക് ആവശ്യമായ സ്ഥലം ലഭിക്കാതിരുന്നതായിരുന്നു ആദ്യഘട്ടത്തില്‍ നേരിട്ട പ്രധാന വെല്ലുവിളി. പിന്നീട് എംഎല്‍എ നടത്തിയ ഇടപെടലിന്റെ ഫലമായാണ് വിദേശ മലയാളി അഞ്ച് ഏക്കര്‍ സ്ഥലം ആശുപത്രിക്കായി വിട്ടുനല്‍കാമെന്ന് ധാരണയായത്. ഇതോടെ ചിറ്റാറിന്റെ സ്വപ്നമായ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സര്‍ക്കാര്‍ പച്ചക്കൊടി ഉയര്‍ത്തുകയായിരുന്നു.

മലയോര മേഖലകളായ സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, പെരുനാട് എന്നീ മേഖലകളിലെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ചിറ്റാറിലെ സ്പെഷ്യാലിറ്റി ജില്ലാആശുപത്രി.
എംഎല്‍എയ്ക്കൊപ്പം ഡെപ്യുട്ടി ഡിഎംഒ ഡോ. സിഎസ് നന്ദിനി, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, എന്‍എച്ച്എം എന്‍ജിനീയര്‍ ടോം തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.ബി. ഗോപകുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് എം.എ. ഷീജ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!