Trending Now

പുനലൂർ- കോന്നി റീച്ചിലെ റോഡ് വികസനം: ഗ്രീവൻസ് മാനേജ്മെന്‍റ്കമ്മിറ്റി രൂപീകരിക്കും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂർ-കോന്നി കെ.എസ്.റ്റി.പി. പാത വികസനവുമായി ബന്ധപ്പെട്ട് ഗ്രീവൻസ് മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ കോന്നിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കോന്നി മേഖലയിലെ വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും റോഡ് വികസനത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് എംഎൽഎ അധ്യക്ഷനായ ഗ്രീവൻസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിക്കുന്നത്. യോഗത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളും, വ്യാപാരികളും അവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോഴാണ് പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൺസ്ട്രക്ഷൻ കമ്പിനി പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാമെന്ന ആശയം എം എൽ എ മുന്നോട്ട് വെച്ചത്. ഈ നിർദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു.

 

221 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ 16.24 കിലോമീറ്റർ ആണ് കോന്നി – പുനലൂർ റീച്ചിൽ ഉൾപ്പെട്ടിട്ടുള്ളത്. കോന്നി ടൗണിനെ ഉന്നത നിലവാരത്തിൽ വികസിപ്പിക്കും. ബസ്ബേകൾ, സിഗ്നൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ, റോഡ് സുരക്ഷാ മാർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാകും കോന്നിയുടെ വികസനം.
വകയാർ, കൂടൽ, കലഞ്ഞൂർ ടൗണുകളും ഉന്നത നിലയിൽ വികസിപ്പിക്കും.
കോന്നി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട 11.14 കിലോമീറ്റർ ദൂരത്തിൽ ഫുട്പാത്ത് നിർമ്മിക്കും. ഒന്നര മീറ്റർ വീതിയിലാണ് ഫുട്പാത്ത് നിർമ്മിക്കുന്നത്. കാൽനടയാത്ര സുഗമമാക്കുന്നതിന് ഫുട്പാത്ത് സഹായകമാകും.
റോഡിന് വശത്തുള്ള ഡ്രെയിനേജിന് മുകളിലാകും തറയോട് പാകി ഫുട്പാത്ത് നിർമ്മിക്കുന്നത്.

റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കോന്നി, കലഞ്ഞൂർ ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. കൂടാതെ 17 സ്ഥലങ്ങളിൽ ബസ് ബേയും സ്ഥാപിക്കും. കൂടൽ, കോന്നി, വകയാർ എന്നിവിടങ്ങളിലെ ചെറിയ പാലങ്ങൾ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി പുനർനിർമ്മിക്കും. കലഞ്ഞൂരിലെ പാലം പുനരുദ്ധരിക്കും. 57 കലുങ്കുകളുടെ നിർമ്മാണവും പൂർത്തികരിക്കും.

1360 മീറ്റർ സംരക്ഷണഭിത്തി നിർമ്മിക്കും.25 കിലോമീറ്റർ ബോക്സ് ഡ്രെയിനേജ് നിർമ്മിക്കും.
ആർഡിഎസ് ആൻഡ് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. മേൽനോട്ട ചുമതല സി.ഇ.ജി ഗ്രൂപ്പിനാണ്.
പ്ലാച്ചേരി – കോന്നി റീച്ചിൻ്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. കോന്നി -പുനലൂർ റീച്ചും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

കോന്നി ടൗണിൻ്റെ വികസനം നടത്തുമ്പോൾ ആവശ്യമായ കൂടിയാലോചന എല്ലാവരുമായും നടത്തും. ജോലികൾ വേഗത്തിലാക്കാനുള്ള ഇടപെടീലുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.

കോന്നി ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, കെഎസ്ടിപി അസി.എക്സി.എഞ്ചിനീയർ രഞ്ജു ബാലൻ, പ്രതിനിധികളായ ജാസ്മിൻ, ആർഡിഎസ് ആൻഡ് സിവി കൺസ്ട്രക്ഷൻ മാനേജർ കെ.രാജസേനൻ, വർക്ക് ഇൻ ചാർജ് മെഫിൻ മാത്യു ജോസ്, സി.ഇ.ജി ലിമിറ്റഡ് എഞ്ചിനീയർ സുജൻ.ജെ, വിവിധ ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!