മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രം കേരളത്തിന്
അഭിമാനകരമായ സ്ഥാപനം: മന്ത്രി കെ. രാജു
കോന്നി വാര്‍ത്ത : കേരളത്തിനാകെ അഭിമാനകരമായ ഒരു സ്ഥാപനമായി തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രം മാറിക്കഴിഞ്ഞതായി വനം- പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ ബയോ സേഫ്റ്റി ലെവല്‍ രണ്ട് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് മൃഗസംരക്ഷണം. മുന്‍പ് കണ്ടിട്ടില്ലാത്ത, കേട്ടുകേള്‍വി പോലും ഇല്ലാത്ത രോഗങ്ങള്‍ ഇന്നുണ്ടാകുന്നു. പരിശോനകള്‍ നടത്തി വരുമ്പോള്‍ ഇവയെല്ലാം എത്തി നില്‍ക്കുന്നത് പക്ഷികളിലും മൃഗങ്ങളിലുമാണ്.
പക്ഷിപ്പനി അന്താരാഷ്ട്ര മാരിയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ലാബിന്റെ ആവശ്യകത ഉയര്‍ന്നു വന്നത്. ബിഎസ്എല്‍- രണ്ട് (ബയോ സേഫ്റ്റി ലെവല്‍ – രണ്ട്) ലാബ് സ്ഥാപിച്ചതിലൂടെ സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും പക്ഷികളുടെ സിറം പരിശോധന എലിസാ( എന്‍സൈം ലിങ്ക്ട് ഇമ്മ്യൂണോ സേര്‍ബന്റ് അസ്സേയ് ) ടെസ്റ്റ് മുഖേന നടത്തി പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് വളരെ പെട്ടന്ന് ഇടപെടുകയും നഷ്ടം വന്ന കര്‍ഷകര്‍ക്ക് ഒന്നേകാല്‍ കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു.
എല്ലാ മേഖലയിലും കേരളം മുന്നേറുകയാണ്. കേരളം ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞു. പാല്‍ അധികമായി വരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ 60 കോടി രൂപ ചിലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഒരു പാല്‍പൊടി നിര്‍മാണ ഫാക്ടറി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ കേരളത്തിലെ പക്ഷിരോഗങ്ങള്‍ക്കുള്ള സംസ്ഥാനതല രോഗനിര്‍ണയ കേന്ദ്രമായ ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയോട് അനുബന്ധിച്ച് 52.7 ലക്ഷം രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയായ പക്ഷിപ്പനി സിറം ആന്റിബോഡി നിര്‍ണയത്തിനുള്ള അന്തര്‍ദേശീയ മാനദണ്ഡമായ ലെവല്‍ 2 ബയോ സേഫ്റ്റി ലാബാണിത്. സിറം പരിശോധനയ്ക്കുള്ള കേരളത്തിലെ ഏക കേന്ദ്രമാണിത്. കിറ്റ്‌കോയ്ക്കായിരുന്നു ലാബിന്റെ നിര്‍മാണ ചുമതല.
പക്ഷിപനിക്ക് കാരണമാകുന്ന വൈറസിനെതിരേയുള്ള ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും എന്നതാണ് ലാബിന്റെ പ്രത്യേകത. ടെസ്റ്റ് ചെയ്ത് കാലതാമസം നേരിടാതെ ഉടന്‍ തന്നെ റിസള്‍ട്ട് ലഭിക്കും. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ചിരിക്കുന്ന ലാബില്‍ ഒരു സമയം മൂന്നു പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. പരമാവധി മൂന്നു മണിക്കൂറിനുള്ളില്‍ ഇവര്‍ ലാബില്‍ നിന്ന് ഇറങ്ങണം. മൂന്നു തലങ്ങളിലുള്ള ഓട്ടോമാറ്റിക്ക് അണുനശീകരണ സംവിധാനത്തിലൂടെ മാത്രമേ ഓരോ തവണയും ലാബിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. പുറത്തുള്ളതിനേക്കാള്‍ എട്ട് യൂണിറ്റ് അന്തരീക്ഷ മര്‍ദം കുറവായിരിക്കും ലാബിനുള്ളില്‍. ഒരു സമയം 90 സാമ്പിളുകള്‍ വരെ ഇവിടെ പരിശോധിക്കാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാര്‍, തിരുവല്ല നഗരസഭാ കൗണ്‍സിലര്‍മാരായ ജാസ് നാലില്‍ പോത്തന്‍, ജിജി വട്ടശേരില്‍, എസ്.ഐ.എ.ഡി ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ബേബി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഉമ്മന്‍ പി രാജ്, തിരുവല്ല എഡിഡിഎല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.ജി. ജിയോ തുടങ്ങിയവര്‍ പങ്കെടുത്തു.