Trending Now

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

 

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 23നകം
2021-2022 വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണം

കോന്നി വാര്‍ത്ത : ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നതിനും 2021-2022 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ആസൂത്രണ സമിതി യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറികൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരംസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പങ്കെടുത്തു.

പറക്കോട്, പന്തളം, കോന്നി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേയും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ യോഗത്തിന്‍ പങ്കെടുത്തു.
പുതിയ തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ യോഗമാണിത്. 14-ാം പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 23ന് അകം 2021-2022 വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പദ്ധതിയില്‍ ഈ വര്‍ഷം വിവിധ മേഖലയില്‍ ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ച് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. തരിശുരഹിത നെല്‍കൃഷി, കേരഗ്രാമം പദ്ധതി, ക്ഷീരമേഖല, 10 വര്‍ഷത്തിനുള്ളില്‍ കേടായ കാര്‍ഷിക യന്ത്രോപകരണങ്ങളെപറ്റി സര്‍വേ നടത്തി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാക്കി മാറ്റുന്ന പദ്ധതി, വന്യ മൃഗങ്ങളുടെ കടന്നാക്രമണം തടയാനും കാട്ടുപന്നി ശല്യം ഇല്ലാതാക്കി കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ വേലികള്‍ സ്ഥാപിക്കുന്ന പദ്ധതി, ജില്ലയിലെ നീര്‍ച്ചാലുകള്‍, നീര്‍ത്തടങ്ങള്‍, കുളങ്ങള്‍ എന്നിവയുടെ സര്‍വേ നടത്താനും,
നെല്‍ക്കൃഷി സബ്‌സിഡി കൂലിചെലവ് പ്രോജക്ടുകള്‍ 39 പഞ്ചായത്തുകളില്‍ മാത്രമേ നിലവില്‍ നടത്താന്‍ അനുവദിച്ചിട്ടുള്ളുവെന്നും ഇത് വ്യക്തിഗത പ്രോജക്ടുകളായി നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത സെന്ററുകള്‍ കേന്ദ്രീകരിച്ച് ബ്രാന്‍ഡഡ് റൈസ്മില്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും ഇത് സംബന്ധിച്ചുളള വ്യക്തമായ പദ്ധതികള്‍ ജില്ലാപഞ്ചായത്തിനു നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണ ചെലവ് ത്വരിതപ്പെടുത്തുന്നതിനു 2021-22ലെ വാര്‍ഷിക പദ്ധതിയുടെ അംഗീകാരം ഫെബ്രുവരി 25ന് അകം നേടുന്നതിനും ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി.
ജില്ലയില്‍ എടുത്തുപറയത്തക്ക രണ്ടോ അതിലധികമോ ജില്ലാ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കേരളത്തിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന ജില്ലകളില്‍ ഒന്നായിമാറിയ പത്തനംതിട്ടയില്‍ രോഗവ്യാപനം നിയന്തിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കാര്യക്ഷമായി ഇടപെടല്‍ നടത്താനാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കേരളത്തിലെ വികസന ലക്ഷ്യത്തിനു പുതിയ ദിശാബോധം നല്‍കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ഫെബ്രുവരി 1, 2, 3 തീയതികളില്‍ കേരള ലുക്സ് എഹെഡ് എന്നപേരില്‍ വെബിനാര്‍ നടക്കുമെന്നും ഈ അന്താരാഷ്ട്ര സെമിനാറില്‍ എല്ലാ തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുക്കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിസെന്‍ട്രലൈസേഷന്‍ എന്ന പേരില്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും നിശ്ചിത സമയപരിധിക്കുള്ളില്‍ വിശദാംശങ്ങള്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനു നല്‍കണമെന്നം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പറഞ്ഞു. ഡിഡിപി ഷാജി ബോണ്‍സ്‌ലേ പങ്കെടുത്തു.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി പുരോഗതി യോഗത്തില്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് കല്ലൂപ്പാറയും ഏറ്റവും കുറവ് ചെലവഴിച്ചത് കോട്ടാങ്ങല്‍ പഞ്ചായത്തും ആണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് പന്തളവും കുറവ് ഇലന്തൂരുമാണ്. മുന്‍സിപാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് പത്തനംതിട്ടയും കുറവ് പന്തളം മുന്‍സിപാലിറ്റിയുമാണ്. ജില്ലാ പഞ്ചായത്തില്‍ 47.40 ശതമാനമാണ് പദ്ധതിവിഹിതം ചെലവഴിച്ചിട്ടുള്ളത്.
പുളികീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളികള്‍, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ യോഗം ഇന്ന്(ജനുവരി 30 ശനി) രാവിലെ 10.30 മുതല്‍ 12 വരെയും കോയിപ്രം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍ അവയുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ പത്തനംതിട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ യോഗം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെയും ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് യോഗം രണ്ട് ദിനങ്ങളാക്കി മാറ്റിയത്.