കോന്നി വാര്‍ത്ത : ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായിപത്തനംതിട്ട ജില്ലയില്‍ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം 31 ന് നടക്കും. അഞ്ച് വയസിന് താഴെയുളള 68,064 കുട്ടികള്‍ക്കാണ് ജില്ലയില്‍ പ്രതിരോധ തുളളിമരുന്ന് നല്‍കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രതിരോധ തുളളിമരുന്ന് വിതരണം ചെയ്യുന്നത്.
ഇതിനായി 975 ഫിക്സഡ് ബൂത്തുകളും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമായി 19 ട്രാന്‍സിറ്റ് ബൂത്തുകളും എത്തിചേരാന്‍ ബുദ്ധിമുട്ടുളള പ്രദേശങ്ങളിലുളളവര്‍ക്കായി 11 മൊബൈല്‍ ബൂത്തുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ട് തുളളിമരുന്ന് വിതരണം നടക്കും. വാക്സിനേഷന്‍ സ്വീകരിക്കാനെത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക, 60 വയസിനു മുകളില്‍ പ്രായമുളളവര്‍ കുട്ടികള്‍ക്കൊപ്പം ബൂത്തുകളില്‍ എത്താതിരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ജില്ലയില്‍ പള്‍സ് പോളിയോ പരിപാടി നടപ്പിലാക്കുന്നതിനെകുറിച്ച് തീരുമാനിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ ജെസികുട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ ഏകോപന സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍മാര്‍, എന്‍.വൈ.കെ, കുടുംബശ്രീ, ഐ.സി.ഡി.എസ തുടങ്ങിയവയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ അഞ്ച് വയസില്‍ താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് ലഭിച്ചു എന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു.