Trending Now

കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത

 

 

കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ്  പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

സംസ്‌ഥാന ബജറ്റിൽ നിന്നും 6 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം നടത്തുന്നത്.. ബി.എം. ആൻ്റ് ബി. സി. നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിനു 3.8 കിലോ മീറ്റർ ദൂരം ഉണ്ട്. കിടങ്ങേൽപടി, പതാലിൽ പടി, പൊന്നമ്പ്, കളീയ്ക്കൽ പടി എന്നിവിടങ്ങളിലെ 3 കലുങ്കുകളും, ഒരു പൈപ്പ് കൾവർട്ടും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.450 മീറ്റർ ഓടയും, 1000 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും.100 മീറ്റർ ദൂരം പൂട്ട് കട്ട ഇട്ട് സഞ്ചാരയോഗ്യമാക്കും. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും, 327 മീറ്റർ ക്രാഷ് ബാരിയറും സ്ഥാപിക്കും.

ട്രാഫിക് സേഫ്റ്റി വർക്കുകളും, ദിശാ ബോർഡ്, സൂചന ബോർഡ് എന്നിവയും, 8 റമ്പിൾസ് ട്രിപ്പും സ്ഥാപിക്കും. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയായി ഇത് മാറുമെന്ന് എം.എൽ.എ പറഞ്ഞു.മലയാലപ്പുഴ ക്ഷേത്രം, പൊന്നമ്പി പളളി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായും ഇത് മാറുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!