![](https://www.konnivartha.com/wp-content/uploads/2021/01/DSC03547-880x528.jpg)
കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഒമ്പത് മണിയോടെ ദര്‍ശനത്തിനായി സോപാനത്തിലെത്തി. ശ്രീകോവിലിന് മുന്നില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത പോലീസ് മേധാവിക്ക് പ്രസാദം നല്‍കി. തുടര്‍ന്ന് മാളികപ്പുറത്തെത്തിയ അദ്ദേഹത്തിന് മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരി പ്രസാദം നല്‍കി. പിന്നീട് തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദര്‍ശിച്ചു. ഇതോടൊപ്പം സന്നിധാനത്തെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസിലും ഡിജിപി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മടങ്ങിയെത്തി ശാസ്താവിനെ വീണ്ടും തൊഴുത ശേഷമാണ് സോപാനത്തില്‍ നിന്നുമിറങ്ങിയത്. താഴെയെത്തിയ അദ്ദേഹം പതിനെട്ടാം പടിക്ക് മുന്നിലെത്തി തൊഴുതു. ഇതിന് ശേഷം വാവര് നടയിലെത്തി കാണിക്കയര്‍പ്പിച്ച് വണങ്ങി പ്രസാദവും വാങ്ങി. ഏതാനും സമയം സന്നിധാനം റസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
മകന്‍ അനീത് തേജിയും ഡിജിപിയോട് ഒപ്പമുണ്ടായിരുന്നു. സന്നിധാനം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.രാജേന്ദ്ര പ്രസാദ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്‍.വിജയകുമാര്‍ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയെ അനുഗമിച്ചു.
ശബരിമലയില്‍ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരും: ഡിജിപി ലോക്‌നാഥ് ബെഹ്‌റ
ശബരിമലയില്‍ വരും വര്‍ഷങ്ങളിലും വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിനായി പോലീസ് പ്രത്യേക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ശബരിമലയുടെ ചരിത്രത്തില്‍ ഇത്തരമൊരു മുന്നൊരുക്കം ആദ്യമായാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന ഭക്തരെ ദര്‍ശനത്തിന് ശേഷം സുരക്ഷിതരായി മടക്കി അയക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി വെര്‍ച്ച്വല്‍ ക്യൂ വഴി ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചത്. ഈ സമ്പ്രദായം ഏറെ ഗുണം ചെയ്തു.
പോലീസുകാര്‍ സ്വയം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടേയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എങ്കിലും ഈ സാഹചര്യം പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മികച്ച രീതിയില്‍ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തു. ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും.
ആരോഗ്യ വിഭാഗം മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളത്. ശബരിമലയില്‍ സേവനത്തിനെത്തിയ ഏതാനും പോലീസുകാര്‍ കോവിഡ് ബാധിതരായെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതൊരു അനുഭവ പാഠമാക്കി. രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് പിന്നീട് നടപ്പാക്കിയതെന്നും ഡിജിപി പറഞ്ഞു.