Trending Now

കുളത്തുമണ്ണിലെ കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു കൃഷി നിര്‍ത്തുകയാണ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്കിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പരമ്പരാഗത കൃഷിക്കാര്‍ മനം ഉരുകി കണ്ണീരോടെ പറയുന്നു . കൃഷിപ്പണികള്‍ നിര്‍ത്തുകയാണെന്ന് .
കാട്ടാനയും കാട്ടു പന്നിയും ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു . വനം വകുപ്പും കൃഷി വകുപ്പും ഈ കര്‍ഷകരുടെ പരാതിയും കണ്ണീരും കാണുക.
ഇത് കുളത്തുമണ്ണിലെ കര്‍ഷകര്‍ . നട്ടു നനച്ച് വെച്ച വാഴ കൂമ്പിട്ടപ്പോള്‍ ആ മനസുകള്‍ സന്തോഷിച്ചു . വിളവ് എത്തിയപ്പോള്‍ ” വനത്തിലെ അവകാശികള്‍ ” എത്തി . കാട്ടാനകള്‍ വാഴ തോട്ടത്തില്‍ എത്തി വാഴയെല്ലാം എടുത്തു . പന്നികള്‍ മറ്റ് കാര്‍ഷിക വിളകളും .
കാട്ടാനകളുടെ വിളനിലമായി കുളത്ത് മണ്ണ് മാറിയിട്ടും വനം വകുപ്പ് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചില്ല . സോളാര്‍ വേലികള്‍ സ്ഥാപിക്കും എന്ന് കര്‍ഷകര്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഇതുവരെ നടപ്പിലായില്ല .

കുളത്തുമണ്ണിൽ നന്ദിയാട്ടു തോമസ് ജോസഫിന്‍റെ കൃഷിയിടത്തില്‍ ആണ് കഴിഞ്ഞ ദിവസം കാട്ടാന കൂട്ടം എത്തിയത് . വിളവെത്തിയ 75 മൂട് വാഴയാണ് തിന്ന് തീര്‍ത്തത് .ബാക്കി ചവിട്ടി ഒടിച്ചു . കഴിഞ്ഞ മാസവും ഈ കൃഷിയിടത്തിൽ രാത്രി ആന കയറി വലിയ നഷ്ടം ആണ് വരുത്തിയത്.ഇങ്ങനെ പോയാല്‍ കൃഷി നിര്‍ത്തുമെന്ന് നന്ദിയാട്ടു തോമസ് ജോസഫ് “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു .

സോളാര്‍ വേലി സ്ഥാപിച്ചു കൊണ്ട് കാട്ടാനയുടെ ശല്യം കുറയ്ക്കാം എന്ന് വനം വകുപ്പ് കര്‍ഷകര്‍ക്ക് വാക്ക് നല്‍കിയിരുന്നു . എന്നാല്‍ അവര്‍ പാലിച്ചില്ല . കൃഷി വകുപ്പ് എങ്കിലും ഉചിതമായ നിലയില്‍ കൃഷി സംരക്ഷണ പദ്ധതി തയാറാക്കണം .
ലക്ഷകണക്കിന് രൂപ കടം വാങ്ങി ഈ മേഖലയില്‍ കര്‍ഷകര്‍ പാട്ട കൃഷി ചെയ്യുന്നു . വന്യ മൃഗ ശല്യം കാരണം ഈ മേഖല ബുദ്ധിമുട്ടില്‍ ആണ് . വനം വകുപ്പ് മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ഇക്കാര്യത്തില്‍ ഉടനടി ഇടപെടണം എന്ന് ” കോന്നി വാര്‍ത്ത ഡോട്ട് കോം ” അഭ്യര്‍ഥിക്കുന്നു .കര്‍ഷകര്‍ക്ക് വേണ്ടി കോന്നി വാര്‍ത്ത ഒരു നിവേദനം ഇരു മന്ത്രിമാര്‍ക്കും കോന്നി എം എല്‍ എ യ്ക്കും നല്‍കുന്നു .

കലഞ്ഞൂര്‍ പഞ്ചായത്തിന് ഈ കര്‍ഷകരുടെ കാര്യത്തില്‍ വേഗത്തില്‍ ഇടപ്പെടുവാന്‍ കഴിയും .കോന്നി എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി ഈ കര്‍ഷകര്‍ക്ക് സോളാര്‍ വേലികള്‍ സ്ഥാപിച്ചു നല്‍കുവാന്‍ ഉള്ള നടപടിയും സ്വീകരിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള ആശ്വാസകരമായ നടപടികള്‍ വേഗത്തില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .

 

error: Content is protected !!