Trending Now

കോവിഡ് രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്കായി മുന്നോട്ടു വരണം: ഡി.എം.ഒ

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 വ്യാപനം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പരിശോധനയ്ക്കായി സ്വയം മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.

ദിവസേന നാനൂറിലധികം രോഗബാധിതര്‍ ഉണ്ടാകുന്ന സ്ഥിതിയാണു നിലവിലുളളത്. രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്ക് തയ്യാറാകാതെ വീട്ടിലും സമൂഹത്തിലും ഇടപെഴുകുന്നതു രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമാകും. ഗുരുതര രോഗലക്ഷണങ്ങളുളളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത്തരക്കാരില്‍ നിന്നും രോഗബാധ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.

രോഗലക്ഷണങ്ങളുളളവര്‍ എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുന്നതിനും പരിശോധനാ ഫലം ലഭിക്കുംവരെ ക്വാറന്റൈനിലിരിക്കുന്നതിനും തയാറാകണമെന്നും ഡി.എം.ഒ പറഞ്ഞു.

ശാരീരിക അകലം പാലിക്കല്‍, കൈകഴുകല്‍, മാസ്‌ക് ശരിയായി ഉപയോഗിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പലരും ശരിയായി പാലിക്കുന്നില്ല. രോഗവ്യാപനം തടയുന്നതിനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുന്നതിനും ഉത്തരവാദിത്വത്തോടെയുളള സമീപനം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.