Trending Now

300 ദിവസം പൂര്‍ത്തിയാക്കി കൊറോണ സെല്‍ വോളന്‍റിയേഴ്സ് ടീം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യേക കൊറോണ സെല്‍ വോളന്റിയേഴ്‌സ് ടീം പ്രവര്‍ത്തനം തുടങ്ങിയിട്ട് 300 ദിനങ്ങള്‍ പിന്നിട്ടു. ഇതിന്റെ ഭാഗമായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ജില്ല കളക്ടറുടെ ചേമ്പറില്‍ നടന്ന അനുമോദന ചടങ്ങില്‍ വോളന്റിയേഴ്‌സിന് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റും മൊമന്റോയും സമ്മാനിച്ചു.

ഇന്ത്യയിലാദ്യമായി പത്തനംതിട്ട ജില്ലയില്‍ അഞ്ചുപേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരണം ഉണ്ടായ 2020 മാര്‍ച്ച് മാസത്തിലാണ് ജില്ലാ കളക്ടറേറ്റില്‍ കൊറോണ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

2020 മാര്‍ച്ച് 10ന് പ്രാഥമിക ഘട്ടത്തില്‍ 150 ഓളം വോളന്റിയേഴ്സുമായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരിഞ്ഞ് പ്രവര്‍ത്തിച്ച ടീം കോവിഡ് പോസിറ്റീവ് രോഗികളുടെ കോണ്‍ടാക്ട് ട്രേയ്്സിംഗ്്, ക്വാറന്റൈന്‍ സര്‍വെയ്ലന്‍സ്, ടെക്‌നിക്കല്‍ വര്‍ക്ക്, ഡാറ്റാ ഹാന്‍ഡ്ലിംഗ്, അതിഥി തൊഴിലാളി സ്‌ക്രീനിംഗ്, കോള്‍ സെന്റര്‍, കോവിഡ് കെയര്‍ സെന്റര്‍ മാനേജിംഗ്, ഡോക്യൂമെന്റേഷന്‍, റിപ്പോര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് എന്നീ പ്രവര്‍ത്തങ്ങളുടെ ഭാഗമായി. റിവേഴ്സ് ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിനായി ജില്ല ഭരണകൂടം ആരംഭിച്ച വയോരക്ഷ പ്രൊജക്ടിലും കൊറോണ സെല്‍ വോളന്റിയേഴ്സ് പ്രവര്‍ത്തിച്ചുവരുന്നു.

കോവിഡ് ഇതര പ്രവര്‍ത്തനങ്ങളായ 2020 ഫ്‌ളഡ് സ്റ്റഡി, കളക്ടറേറ്റ് വളപ്പിലെ പക്ഷികളുടെ ഫോട്ടോ ഗ്യാലറിയായ കൂടൊരുക്കാം, അങ്കണവാടി പുനരുദ്ധാരണ പരിപാടി തുടങ്ങിയവയിലും കൊറോണ സെല്‍ ടീമിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. നിലവില്‍ 2018-ലെ മഹാപ്രളയത്തിനുശേഷം ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡി.സി വോളന്റിയേഴ്‌സ് ടീമിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

വോളന്റിയേഴ്‌സായ വിജീഷ് വിജയന്‍, മേഘ സുനില്‍, സിയാദ് എ. കരീം, ഗൗതം കൃഷ്ണ, അരുണ്‍ അനില്‍, അരവിന്ദ് എസ.് മുടവനാല്‍, പീയുഷ് ജ്യോതി, നിരഞ്ജന്‍ രമേശ്, അലീന കെ ബിനു, ആരോണ്‍ കുര്യന്‍ കോശി, വിനീത് എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റും മൊമന്റോയും ജില്ലാകളക്ടര്‍ കൈമാറിയത്. വോളന്റിയര്‍ നോഡല്‍ ഓഫീസര്‍ സീനിയര്‍ സൂപ്രന്റ് അന്നമ്മ കെ. ജോളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിന്‍ ഐയ്പ് ജോര്‍ജ്, ഡി.ടി.പി.സി സെക്രട്ടറി ആര്‍. ശ്രീരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.