![](https://www.konnivartha.com/wp-content/uploads/2021/01/PRW_-Sannidhanathu-nadanna-unnathathala-yogam-7-880x528.jpg)
മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം ശബരിമല സന്നിധാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടിയാലോചിക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്നു ശബരിമല എക്സിക്യുട്ടിവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് യോഗത്തിൽ പറഞ്ഞു. അരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സന്നിധാനത്ത് നടന്നു വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകത്തിനുള്ള അവസരമില്ല. അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് ലഭ്യമാക്കുന്നതിന് മരാമത്ത് കോംപ്ലക്സിനു താഴെയായി കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഇവിടെ നിന്നും അഭിഷേകം ചെയ്ത നെയ്യ് ലഭിക്കുന്ന സമയം ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ദീർഘിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ സമയം ഇനിയും ദീർഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാളികപ്പുറത്തിനു സമീപം അന്നദാന മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സന്നിധാനവും പരിസരവും ഒന്നിടവിട്ട ദിവസങ്ങളിൽ കഴുകി വൃത്തിയാക്കും.
വാട്ടർ അതോറിറ്റി സാന്നിധാനത്ത് ജലത്തിന്റെ ലഭ്യത ഇടതടവില്ലാതെ ഉറപ്പാക്കിയിട്ടുണ്ട്. എക്സൈസ് കുന്നാർ ഡാമിലേക്കുള്ള വഴിയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. മകരവിളക്കിന് മുന്നോടിയായി ആവശ്യമെങ്കിൽ ശരണ പാതയിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ കരുതിയുണ്ടന്ന് കെ.എസ്.ഇ ബി ഉദ്യോഗസ്ഥർ അറിയിച്ചു. കൊതുക് നിവാരണത്തിനായി ഫോഗിങ്ങ് നടത്തി വരുന്നുണ്ട്. ഇത് കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. യോഗത്തിൽ എ.എസ്.ഒ പദം സിങ്ങ് സ്വാഗതം പറഞ്ഞു. സന്നിധാനം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സത്യപാലൻ നായർ, ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. മനോജ്, എക്സിക്യുട്ടിവ് മജിസ്ട്രേറ്റ് എസ്. രാജശേഖരൻ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.