ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 17 ന് പള്‍സ് പോളിയോ വാക്സിന്‍ വിതരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അഞ്ച് വയസു വരെ പ്രായമുളള 68064 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുളളിമരുന്ന് നല്‍കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 975 ബൂത്തുകള്‍ സജ്ജീകരിക്കും.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പോളിയോ വാക്സിന്‍ വിതരണം നടക്കുക. ബൂത്തുകളില്‍ തിരക്ക് ഉണ്ടാകാത്ത വിധത്തില്‍ സജ്ജീകരണങ്ങള്‍ നടത്തും. മാസ്‌ക് ഉപയോഗം, ശാരീരിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ എന്നിവ നിര്‍ബന്ധമായും പാലിക്കണം. വാക്സിന്‍ വിതരണം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി എ.ഡി.എം അലക്സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം ചേര്‍ന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ഹോമിയോ, ഭാരതീയ ചികിത്സാ വകുപ്പ്, ഡി.എം.ഒ മാര്‍, ആര്‍സിഎച്ച് ഓഫീസര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.