Trending Now

കോന്നി മണ്ഡലത്തിന്‍റെ വികസനത്തില്‍ രാഷ്ട്രീയമില്ല : കോന്നി എം എല്‍ എ

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രാഷ്ട്രീയാതീതമായി കണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമീപനമായിരിക്കും സ്വീകരിക്കുക

കോന്നി:തെരഞ്ഞെടുക്കപ്പെട്ട് നാളെ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്ന ത്രിതല പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

വികസനത്തിനായി മുഴുവൻ ജനപ്രതിനിധികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകും. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ഒരു പോലെ കണ്ട് ജനപ്രതിനിധികളെ ഒന്നിച്ചു നിർത്തി വികസന മുന്നേറ്റം നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ വലിയ പിൻതുണയാണ് ജനങ്ങൾ നല്കിയത്. നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് മുന്നേറ്റം ഇതിനുള്ള തെളിവാണ്.

പ്രമാടം, മൈലപ്ര പഞ്ചായത്തുകൾ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് ഭരണത്തിൻ കീഴിലായി. വള്ളിക്കോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ഭരണം തിരികെ ലഭിച്ചു. നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിൽ എട്ടിടത്ത് എൽ.ഡി.എഫിന് ഭരണം ലഭിച്ചു.അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 3 ഡിവിഷനുകളിൽ എൽ.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചത്. മലയാലപ്പുഴയും, ചിറ്റാറും പിടിച്ചെടുക്കുകയും, കൊടുമൺ നിലനിർത്തുകയുമായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച വിജയമാണ് നേടിയത്.

നിയോജക മണ്ഡലത്തിൽ ആകെയുള്ള 22 ബ്ബോക്ക് ഡിവിഷനുകളിൽ 15 ലും എൽ.ഡി.എഫാണ് വിജയിച്ചത്.
ജനങ്ങൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് നല്കിയ പിൻതുണ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള കരുത്തായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രാഷ്ട്രീയാതീതമായി കണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമീപനമായിരിക്കും സ്വീകരിക്കുക. നാടിന്‍റെ വികസനത്തിന് രാഷ്ട്രീയ പക്ഷപാതിത്വം ആവശ്യമില്ല. എല്ലാവരോടും ഒത്തുചേർന്ന്, അഭിപ്രായ സമന്വയത്തിലൂടെ കോന്നിയെ മുന്നോട്ടു നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.