Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ തയാറെടുപ്പുകള്‍ പൂര്‍ണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ പൂര്‍ണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

വെള്ളിയാഴ്ച ആരംഭിച്ച കാന്‍ഡിഡേറ്റ് സെറ്റിംഗ് ശനിയാഴ്ച (ഡിസംബര്‍ 5 ) പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തില്‍ 106 ഡിവിഷനുകളും ഗ്രാമ പഞ്ചായത്തില്‍ 788 വാര്‍ഡുകളും നഗരസഭകളില്‍ 132 മുന്‍സിപ്പല്‍ വാര്‍ഡുകളിലുമായി ആകെ 1459 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.

ആകെ വോട്ടര്‍മാര്‍ 10,78,599
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 4,36,410 പുരുഷ വോട്ടര്‍മാരും 4,98,374 വനിതാ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറുകളും നാലു നഗരസഭകളിലായി 66,328 പുരുഷ വോട്ടര്‍മാരും 77,484 വനിതാ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെയാണ് ആകെ 10,78,599 വോട്ടര്‍മാരാണുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ 1270 പുരുഷ സ്ഥാനാര്‍ഥികളും
1533 വനിതാ സ്ഥാനാര്‍ഥികളും
ഗ്രാമപഞ്ചായത്തില്‍ 1270 പുരുഷ സ്ഥാനാര്‍ഥികളും 1533 വനിതാ സ്ഥാനാര്‍ഥികളുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ 153 പുരുഷ സ്ഥാനാര്‍ഥികളും 189 വനിതാ സ്ഥാനാര്‍ഥികളും നഗരസഭയില്‍ 235 പുരുഷ സ്ഥാനാര്‍ഥികളും 258 വനിതാ സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തില്‍ 36 പുരുഷ സ്ഥാനാര്‍ഥികളും 24 വനിതാ സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ ജില്ലയില്‍ ആകെ 3698 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ 1611 കണ്‍ട്രോള്‍ യൂണിറ്റുകളും 4769 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. നഗരസഭകളില്‍ 184 കണ്‍ട്രോള്‍ യൂണിറ്റുകളും 184 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.

1459 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍
തെരഞ്ഞെടുപ്പിനായി 1459 പ്രിസൈഡിംഗ് ഓഫീസര്‍മാരെയും 1459 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും 2918 പോളിംഗ് ഓഫീസര്‍മാരെയും 1459 പോളിംഗ് അസിസ്റ്റന്റുമാരെയും 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. നിയോഗിച്ച 100 സെക്ടറല്‍ ഓഫീസര്‍മാരില്‍ 92 പേര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും എട്ട് പേര്‍ നഗരസഭകളിലേക്കുമാണ്. സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാരായി 272 പേരെ നിയോഗിച്ചിട്ടുണ്ട്.

പരിശീലനങ്ങള്‍ പൂര്‍ത്തിയായി
വരണാധികാരികള്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഹരിത ചട്ടങ്ങള്‍ പാലിച്ച് മോഡല്‍ പോളിംഗ് ബൂത്ത് കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 18 എന്‍ 95 മാസ്‌കുകളും 12 ജോഡി കൈയുറകളും അഞ്ചര ലിറ്റര്‍ സാനിറ്റൈസറും ആറ് ഫെയ്സ് ഷീല്‍ഡുകളും ഓരോ പോളിംഗ് സ്റ്റേഷനുകളിലും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമായി 2200 ബോട്ടില്‍ സാനിറ്റൈസറുകളും 11500 എന്‍ 95 മാസ്‌കുകളും 140 ഫെയ്സ് ഷീല്‍ഡുകളും 450 ഫ്ളെക്സിബിള്‍ ഫെയ്സ് ഷീല്‍ഡുകളും 2006 കൈയുറകളും നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ചവരെ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ്
ലിസ്റ്റിലുള്ളത് 7237 വോട്ടര്‍മാര്‍
കോവിഡ് ബാധിതര്‍ക്കും ക്വാറൈന്റിനുള്ളവര്‍ക്കുമായുള്ള സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ലിസ്റ്റില്‍ വെള്ളിയാഴ്ച(ഡിസംബര്‍ 4) വരെ 7237 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. ഡിസംബര്‍ നാല് വരെ നല്‍കിയ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് 2824 എണ്ണം ആണ്. ഡിസംബര്‍ ഏഴിന്(തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ പേര് വരുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ച് മണി മുതല്‍ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാം. ഇവര്‍ പിപിഇ കിറ്റ് ധരിച്ചുവേണം പോളിംഗ് ബൂത്തില്‍ എത്താന്‍.

തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ ആറിന് മോക്ക് പോള്‍
എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും എല്ലാ നഗരസഭകള്‍ക്കും ഒരോ വിതരണ കേന്ദ്രങ്ങള്‍ വീതം ഉണ്ട്. ഡിസംബര്‍ ഏഴിന് പോളിംഗ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സാധനങ്ങള്‍ കൈമാറും. തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ ആറു മണിക്ക് മോക്ക് പോള്‍ ആരംഭിച്ച് ഏഴ് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തയാറാക്കിയ പോള്‍ മാനേജര്‍ ആപ്ലിക്കേഷനിലൂടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പു വിവരങ്ങള്‍ അതത് സമയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈ മാറും.

ട്രബിള്‍ ഷൂട്ട് ടീം
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിച്ച് വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും അതതു ബ്ലോക്കുകളിലും നഗരസഭകളിലും ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുന്നതിനും അതത് ബ്ലോക്ക് വരണാധികാരികളുടെ കീഴില്‍ ഒരു പ്രത്യേക ടീമിനെ (ട്രബിള്‍ ഷൂട്ട് ടീം) ബ്ലോക്ക് പഞ്ചായത്ത് /മുനിസിപ്പാലിറ്റി തലത്തില്‍ നിയമിച്ചു.

13 കണ്‍ട്രോള്‍ റൂമുകള്‍
ജില്ലാതലത്തില്‍ ഒരു കണ്‍ട്രോള്‍ റൂമും ബ്ലോക്ക് തലത്തില്‍ എട്ട് കണ്‍ട്രോള്‍ റൂമുകളും നഗരസഭ തലത്തില്‍ നാല് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടക്കുന്നെന്ന് ഉറപ്പാക്കുന്നതിനാണ് കണ്‍ട്രോള്‍ റൂമുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.

അഞ്ച് ബൂത്തുകളില്‍ വെബ്കാസ്റ്റ്
പ്രശ്ന ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ള പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, പന്തളം നഗരസഭയിലെ പത്താം വാര്‍ഡ്, പത്തനംതിട്ട നഗരസഭയിലെ 13-ാം വാര്‍ഡ്, സീതത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എന്നിവിടങ്ങളില്‍ വെബ് കാസ്റ്റിംഗ് ബൂത്തുകള്‍ സജീകരിച്ചിട്ടുണ്ട്. മലയോര ഉള്‍പ്രദേശമായ ഗവി, മൂഴിയാര്‍ എന്നിവിടങ്ങില്‍ ഓരോ ബാലറ്റ് യൂണിറ്റുകള്‍ വീതം അധികമായി നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍ക്കൊപ്പം അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, എഎസ്പി എ.യു. സുനില്‍കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ഷാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്‍ഡ് എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

 

പോളിംഗ് സാമഗ്രികളുടെ വിതരണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണം കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ (ഡിസംബര്‍ 7) നടക്കും.
പോളിംഗ് സാമഗ്രികളുടെ വിതരണം ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം രാവിലെ ഒന്‍പത് മുതല്‍ 10 വരെ ഓമല്ലൂര്‍, 10 മുതല്‍ 11 വരെ ചെന്നീര്‍ക്കര, 11 മുതല്‍ 11.30 വരെ ഇലന്തൂര്‍, 11.30 മുതല്‍ 12 വരെ നാരങ്ങാനം, 12 മുതല്‍ 12.30വരെ ചെറുകോല്‍, 12.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മല്ലപ്പുഴശേരി, ഒന്ന് മുതല്‍ 1.30 വരെ കോഴഞ്ചേരി എന്നീ സമയങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്.
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയക്രമീകരണങ്ങള്‍ പാലിച്ച് തിക്കും തിരക്കും ഒഴിവാക്കി നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ നിന്നും സാമഗ്രികള്‍ യഥാസമയം കൈപ്പറ്റണമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി കെ.കെ. വിമല്‍രാജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോസ്റ്റിംഗ് ലഭിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തിലെ വരണാധികാരികള്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെടണം.

error: Content is protected !!