![](https://www.konnivartha.com/wp-content/uploads/2020/12/FI-1-880x528.jpg)
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ഡെസ്ക്
സുരക്ഷിതമായ തീര്‍ഥാടനകാലം ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും പമ്പയിലേക്കുള്ള വഴിയിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിപുലവും ശാസ്ത്രീയവുമായ വിവിധ പ്രവര്‍ത്തനങ്ങളാണ് അഗ്‌നി സുരക്ഷാസേന നടത്തുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ്, സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. സതീശന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ യു.വി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അപകട സാഹചര്യങ്ങള്‍ നേരിടുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സന്നിധാനത്തെ അപ്പം – അരവണ പ്ലാന്റ്, ഗ്യാസ് ഗോഡൗണ്‍, ഇന്‍സിനറേറ്റര്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ബോധവത്ക്കരണ ക്ലാസുകളും പ്രാഥമിക അഗ്‌നിസുരക്ഷാ ഉപകരണങ്ങളായ വിവിധ അഗ്‌നി നിയന്ത്രണ ഉപകരണങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ കൈകാര്യം ചെയ്യേണ്ട രീതി, സ്വയരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയില്‍ പരിശീലനവും നല്‍കി.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ, നിലയ്ക്കല്‍ പ്ലാപ്പള്ളി വരെയുള്ള സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ വിവരം തുടര്‍ നടപടികള്‍ക്കായി ഡ്യൂട്ടി മജിസ്‌ട്രേട്ടിന് നല്‍കി.