തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണ കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി

 

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ പത്തനംതിട്ട കളക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ബ്ലോക്ക്തല, മുനിസിപ്പല്‍തല വിതരണ കേന്ദ്രങ്ങളിലേക്കു മാറ്റി തുടങ്ങി. ഇലന്തൂര്‍, കോയിപ്രം, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്കുകളിലേക്കുള്ള ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളാണ് ബുധനാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്.

മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേയും പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളിലെയും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വ്യാഴാഴ്ച വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കും. ബ്ലോക്ക് തലത്തില്‍ ബിഡിഒമാരും നഗരസഭകളില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കൈപ്പറ്റുന്നത്. കവചിത വാഹനത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
തദ്ദേശ പൊതുതെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 1,579 കണ്‍ട്രോള്‍ യൂണിറ്റും 4,737 ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുക. നിശ്ചിത എണ്ണം ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ കരുതല്‍ ശേഖരം ഉള്‍പ്പെടെയാണിത്. ഉള്‍പ്രദേശങ്ങളില്‍ മുന്‍കരുതലായി നിശ്ചിത എണ്ണം ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ കരുതല്‍ ശേഖരം ക്രമീകരിക്കും. ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ വിതരണ കേന്ദ്രങ്ങളില്‍ ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തീകരിക്കും. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ വിവിധ മേശകളില്‍ ഇരുന്ന് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് നിര്‍വഹിക്കും.

ഡിസംബര്‍ ഏഴിന് വിതരണ കേന്ദ്രത്തില്‍ നിന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് വോട്ടിംഗ് മെഷീനുകള്‍ കൈമാറും. ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ കളക്ടറേറ്റ് പരിസരത്തുള്ള വെയര്‍ ഹൗസില്‍ നിന്നും പുറത്തെടുത്ത് വിതരണകേന്ദ്രങ്ങളിലേക്കു മാറ്റുന്ന പ്രവര്‍ത്തനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, ഇവിഎം ചാര്‍ജ് ഓഫീസര്‍ തഹസിദാര്‍ അന്നമ്മ കെ. ജോളി, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!